രഞ്ജി ട്രോഫി നിർത്തലാക്കണം; തുമ്പയിൽ താരങ്ങൾക്ക് സ്വകാര്യത ഇല്ല -ബംഗാൾ നായകൻ മനോജ് തിവാരി
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ നായകനും ഇന്ത്യന്‍ മുന്‍ താരവുമായ മനോജ് തിവാരി. ടൂര്‍ണമെന്റില്‍ ഒരുപാട് തെറ്റുകള്‍ നടക്കുന്നു. ഇതില്‍ തനിക്ക് കടുത്ത നിരാശയുണ്ടെന്നും ബംഗാള്‍ മുൻ കായിക മന്ത്രി കൂടിയായ മനോജ് തിവാരി ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന മനോജ് തിവാരി സമാന കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ സീസണോടെ താന്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കും. തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ സൗകര്യങ്ങളെയും ഇന്ത്യന്‍ മുന്‍ താരം ചോദ്യം ചെയ്തു. ഇതൊരു സ്റ്റേഡിയമല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഒരു ഗ്രൗണ്ടാണ്. ഉള്‍പ്രദേശമാണ്. രണ്ട് ടീമുകളുടെ ഡ്രെസിങ് റൂം വളരെ അടുത്താണുള്ളത്. താരങ്ങള്‍ പരസ്പരം സംസാരിക്കുന്നത് എല്ലാവര്ക്കും കേള്‍ക്കാന്‍ കഴിയും. കരിയര്‍ അവസാനിച്ചാല്‍ താന്‍ കൂടുതൽ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തിവാരി പറഞ്ഞു.

