രഞ്ജി: കേരളത്തിന് തിരിച്ചടി; ചിരാഗിന്റെ സെഞ്ച്വറിയിൽ സൗരാഷ്ട്ര ശക്തമായ നിലയിൽ
text_fieldsസൗരാഷ്ട്ര താരങ്ങളായ അർപിത് വാസവദയും സെഞ്ച്വറി നേടിയ ചിരാഗ് ജനിയും
മംഗലാപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ നേടിയ നേരിയ ലീഡിന്റെ ആനുകൂല്ല്യം കൈവിട്ട് കേരളം വീണ്ടും തോൽവി ഭീതിയിൽ. ആദ്യ ഇന്നിങ്സിൽ 73റൺസ് ലീഡ് നേടിയ കേരളത്തിന് രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്രയെ പിടിച്ചു കെട്ടാനായില്ല. ഇതോടെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്ത സൗരാഷ്ട്ര കേരളത്തിനെതിരെ 278 റൺസിന്റെ ലീഡുറപ്പിച്ചു. ഒരു ദിവസം മാത്രം ശേഷിക്കെ കളി ജയിക്കാൻ കേരളം പെടാപാട് പെടണം.
ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്രയെ 160ന് പുറത്താക്കിയ കേരളം, മറുപടി ബാറ്റിങ്ങിൽ 233 റൺസെടുത്താണ് നേരിയ മുൻതൂക്കം ഉറപ്പിച്ചത്. ബാബ അപരാജിത് (69) ടോപ് സ്കോറർമാറായി.
73 റൺസിന്റെ ലീഡുമായി മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച സൗരാഷ്ട്ര കരുതലോടെയാണ് ബാറ്റു വീശിയത്. ഹാർവിക് ദേശായും (5), സമ്മർ ഗജ്ജാറും (31), ജെയ് ഗോഹിലും (24) വേഗത്തിൽ പുറത്തായപ്പോൾ മൂന്നിന് 69 എന്ന നിലയിലായി. എന്നാൽ, മധ്യനിരയിൽ മികച്ച കൂട്ടുകെട്ട് പിറന്നത് കളിയുടെ ഗതിമാറ്റി. അർപിത് വാസവദ (74), സെഞ്ച്വറി കുറിച്ച ചിരാഗ് ജനി (152), പ്രേരക് മങ്കാന്ദ് (52 നോട്ടൗട്ട്) എന്നിവരുടെ മികവിൽ അഞ്ചിന് 351ലേക്കുയർന്നു. ഇന്നിങ്സ് ഡിക്ലയർ ചെയ്യാതെയാണ് സൗരാഷ്ട്ര മൂന്നാം ദിനം കളം വിട്ടത്. തോൽകാതിരിക്കുക തന്നെ കേരളത്തിന് ഇനി വലിയ വെല്ലുവിളിയാണ്.
രഞ്ജിയിൽ കഴിഞ്ഞ മൂന്നിൽ രണ്ട് കളിയിൽ സമനില വഴങ്ങിയ കേരളം അവസാന മത്സരത്തിൽ കർണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

