അർധ സെഞ്ച്വറിക്കു പിന്നാലെ സഞ്ജു പുറത്ത്; കേരളം ലീഡിനായി പൊരുതുന്നു, ഏഴിന് 191
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രക്കെതിരെ ലീഡിനായി പൊരുതി കേരളം. നിലവിൽ കേരളം ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തിട്ടുണ്ട്. 48 റൺസ് പുറകിലാണ് കേരളം. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് 239 റൺസിൽ അവസാനിച്ചിരുന്നു.
സൂപ്പർ താരം സഞ്ജു സാംസൺ അർധ സെഞ്ച്വറി നേടി പുറത്തായി. 63 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 54 റൺസെടുത്തു. നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ 52 പന്തിൽ ആറു ഫോറടക്കം 36 റൺസെടുത്ത് പുറത്തായി.
69 പന്തിൽ 29 റൺസുമായി സൽമാൻ നിസാറും നാലു പന്തിൽ ഒരു റണ്ണുമായി ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. മൂന്നാംദിനം മൂന്നിന് 35 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിനായി സചിൻ ബേബി ക്ഷമയോടെ ബാറ്റുവീശിയപ്പോൾ, മറുഭാഗത്ത് സഞ്ജു സ്കോർ മുന്നോട്ടുകൊണ്ടുപോയി. പിന്നാലെ രാമകൃഷ്ണ ഘോഷിന്‍റെ പന്തിൽ സൗരഭ് നവാലെക്ക് ക്യാച്ച് നൽകി സചിൻ മടങ്ങി. 35 പന്തിൽ ഏഴു റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
നായകൻ അസ്ഹറുദ്ദീനെ കൂട്ടുപിടിച്ച് സഞ്ജു ടീം സ്കോർ നൂറു കടത്തി. അഞ്ചാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ സഞ്ജുവും മടങ്ങി. വിക്കിയുടെ പന്തിൽ സൗരഭ് ക്യാച്ചെടുത്താണ് താരത്തെ പുറത്താക്കിയത്. 44 പന്തിൽ 17 റൺസുമായി അങ്കിത് ശർമയും മടങ്ങി.
മഹാരാഷ്ട്രക്കായി രജനീഷ് ഗുർബാനി, വിക്കി ഓസ്വാൾ, ജലസ് സക്സേന എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ ബൗളിങ് മികവാണ് ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. മഴയെ തുടർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനിൽപ്പാണ് മഹാരാഷ്ട്രയുടെ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 59 റൺസാണ് കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒടുവിൽ വിക്കി ഓസ്വാളും പുറത്തായതോടെ 239 റൺസിന് മഹാരാഷ്ട്ര ഇന്നിങ്സിന് അവസാനമായി. 38 റൺസെടുത്ത വിക്കി ഓസ്വാളിനെ എൻ.പി. ബേസിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ മഹാരാഷ്ട്ര ബൗളർമാർ ഞെട്ടിച്ചു. സ്കോർ 23ൽ നിൽക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി വിക്കറ്റിന് മുന്നിൽ കുരുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തിനെയും (ആറ്) മനോഹരമായ കാച്ചിലൂടെ ഗുർബാനി പുറത്താക്കി. രോഹൻ കുന്നുമ്മലിന്‍റെതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹനെ ജലജ് സക്സേനയും പുറത്താക്കിയതോടെ കേരളം പതറി. പിന്നാലെ മഴയും എത്തിയതോടെ കളി അവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

