രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയെ ബൗളിങ് ആക്രമണത്തിൽ തകർത്ത് കേരളം ശക്തമായ നിലയിൽ. ആദ്യ ദിനം ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി. നിധീഷിന്റെ ഉജ്ജ്വല ബൗളിങ്ങാണ് സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിൽ അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപണർ രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ (59*) ബലത്തിൽ ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിന് അയച്ച കേരളത്തിന് ബൗളർമാർ മികച്ച തുടക്കമാണ് നൽകിയത്. അക്കൗണ്ട് തുറക്കും മുമ്പേ സൗരാഷ്ട്രക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിലെ അഞ്ചാം പന്തിൽ ഹാർവിക് ദേശായിയെ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടർന്ന്, ചിരാഗ് ജാനിയെയും (അഞ്ച്), റണ്ണൊന്നുമെടുക്കാത്ത അർപ്പിത് വസവദയെയും തുടർച്ചയായ പന്തുകളിൽ വീഴ്ത്തി നിധീഷ് സൗരാഷ്ട്രയെ ഞെട്ടിച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റൺസെന്ന ദയനീയ നിലയിലായി സൗരാഷ്ട്ര.
പിന്നാലെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. മങ്കാദിനെ (13) പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. അടുത്ത ഓവറിൽ അൻഷ് ഗോസായിയെയും (1) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് പൂർത്തിയാക്കി.
മറുവശത്ത് ഉറച്ചുനിന്ന ജയ് ഗോഹിൽ ഗജ്ജർ സമ്മാറുമായി ചേർന്ന് സ്കോർബോർഡിന് താളം സമ്മാനിച്ചു. ഇരുവരും ചേർന്ന് 41 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ, 84 റൺസെടുത്ത ജയ് ഗോഹിലിനെ ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്സ് വീണ്ടും തകർച്ചയിലേക്ക്. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിനെ നിധീഷും പുറത്താക്കി. ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമ്മലും എ.കെ. ആകർഷും ചേർന്നാണ് കേരള ഇന്നിങ്സ് തുറന്നത്. ഓപണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. 58 പന്തുകളിൽ ഒമ്പത് ഫോറും ഒരു സിക്സുമടിച്ച രോഹൻ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. കളി അവസാനത്തിലേക്ക് നീങ്ങവെ, ആകർഷിന്റെയും (18) സച്ചിൻ ബേബിയുടെയും (1) വിക്കറ്റുകൾ നഷ്ടമായി. ഹിതെൻ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. കളി നിർത്തുമ്പോൾ അഹ്മദ് ഇംറാൻ (രണ്ട്) ആണ് രോഹനൊപ്പം ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

