രഞ്ജി ട്രോഫി: കേരളം 139; ചണ്ഡിഗഢിന് ലീഡ്
text_fieldsസച്ചിൻ ബേബിയും ബാബ അപരാജിതും ബാറ്റിങ്ങിനിടെ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തെ ഒന്നാം ഇന്നിങ്സിൽ 139 റൺസിന് പുറത്താക്കിയ ചണ്ഡിഗഢ് ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ് സന്ദർശകർ. അർധ ശതകങ്ങളുമായി അർജുൻ ആസാദും (78) മനൻ വോറയുമാണ് (51) ക്രീസിൽ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറിൽതന്നെ ഓപണർ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. വൈകാതെ 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കി.
തുടർന്ന് സച്ചിൻ ബേബി- ബാബ അപരാജിത് സഖ്യം പ്രതീക്ഷ നൽകി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ച് വൈകാതെ സച്ചിനും (41) വിഷ്ണു വിനോദും (0) പുറത്തായി. രോഹിത് ധന്ദയുടെ പന്തിൽ ഇരുവരും എൽ.ബി.ഡബ്ല്യു ആവുകയായിരുന്നു. അർധ സെഞ്ച്വറിക്ക് തൊട്ടരികെ അപരാജിതും (49) മടങ്ങി. വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾകൂടി നഷ്ടമായതോടെ കേരളത്തിന്റെ തകർച്ച പൂർണം.
ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ (1), ശ്രീഹരി എസ്. നായർ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളിൽ മടങ്ങിയത്. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിർള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റ് നേടി. ചണ്ഡിഗഢിന് 11 റൺസെടുത്ത ഓപണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽതന്നെ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

