രഞ്ജിയിൽ കരകയറി കേരളം; രക്ഷകരായി അപരാജിത്തും അഭിജിത്തും; മധ്യപ്രദേശിനെതിരെ പൊരുതുന്നു
text_fieldsഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ തകർച്ചയിൽനിന്ന് കരകയറി കേരളം. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്.
ബാബാ അപരാജിത്തിന്‍റെയും അഭിജിത്ത് പ്രവീണിന്‍റെയും അർധ സെഞ്ച്വറികളാണ് കേരളത്തെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. നിലവിൽ 147 പന്തിൽ 81 റൺസുമായി അപരാജിത്തും 27 പന്തിൽ ഏഴു റൺസുമായി ശ്രീഹരി എസ്. നായരുമാണ് ക്രീസിൽ. 153 പന്തിൽ ഒമ്പത് ഫോറടക്കം 60 റൺസെടുത്താണ് അഭിജിത്ത് പുറത്തായത്. ഇരുവരും ഏഴാം വിക്കറ്റിൽ നേടിയ 122 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീം സ്കോർ 200 കടത്തിയത്. ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നേടിയ ആതിഥേയർ കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
ഇന്നിങ്സിലെ രണ്ടാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. സ്കോര്‍ ബോർഡ് തുറക്കുന്നതിനു മുമ്പേ രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. ആറു പന്തുകൾ നേരിട്ട താരം കുമാർ കാർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ്ങിനെ ക്യാച്ച് നൽകിയാണ് മടങ്ങിയത്. അഭിഷേക് നായരും അങ്കിത് ശര്‍മയും ശ്രദ്ധയോടെ ബാറ്റുവീശി സ്കോർ 50 കടത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസാണ് നേടിയത്. അങ്കിതിനെ (53 പന്തിൽ 20 റൺസ്) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി സാരാൻഷ് ജെയിനാണ് കൂട്ടുകെട്ട് പൊളിച്ചത്. മുന്‍ നായകന്‍ സചിൻ ബേബി എട്ട് പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും എടുക്കാതെ മടങ്ങി. സചിനെയും സാരാൻഷ് എൽ.ബി.ഡബ്ല്യു.വിൽ പുറത്താക്കുകയായിരുന്നു. സന്ദർശകർ മൂന്ന് വിക്കറ്റിന് 60 റൺസിലേക്ക് വീണു. അധികം വൈകാതെ അർധ സെഞ്ച്വറിക്കരികെ അഭിഷേക് ജെ നായരെയും കേരളത്തിന് നഷ്ടമായി. 113 പന്തിൽ ഏഴു ഫോറടക്കം 47 റൺസെടുത്ത താരത്തെ അർഷാദ് ഖാനാണ് പുറത്താക്കിയത്.
നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ബാറ്റിങ് 14 റൺസിൽ അവസാനിച്ചു. അർഷാദ് ഖാനാണ് വിക്കറ്റ്. പിന്നാലെ എത്തിയ അഹമദ് ഇംറാനും നിരാശപ്പെടുത്തി. 13 പന്തിൽ അഞ്ചു റൺസെടുത്ത താരത്തെയും അർഷാദ് ഖാൻ മടക്കി. കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ്. അപരാജിത്തും അഭിജിത്തും ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളത്തിന് പ്രതീക്ഷ. ഏറെ ശ്രദ്ധയോടെ ബാറ്റുവീശി ഇരുവരും ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി. സെഞ്ച്വറി കൂട്ടുകെട്ട് പൊളിച്ച് സരാൻഷ് ജെയിൻ വീണ്ടും മത്സരം മധ്യപ്രദേശിന്‍റെ കൈകളിലെത്തിച്ചു. അഭിഷേകിനെ ബൗൾഡാക്കുകയായിരുന്നു. എം.ഡി. നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരാണ് ഇനി ബാറ്റിങ്ങിന് ഇറങ്ങാനുള്ളത്.
മധ്യപ്രദേശിനായി സരാൻഷ് ജെയിനും അർഷാദ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സീസണിൽ ഇതുവരെ കേരളത്തിന് ഒരു ജയം പോലുമില്ല. നാലിൽ മൂന്ന് സമനിലയും ഒരു തോൽവിയുമായി അഞ്ച് പോയന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. എട്ട് ടീമുകളുള്ള ഗ്രൂപ് ബിയിൽ ഏഴാമത് നിൽക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീനും സംഘത്തിനും തിരിച്ചുവരവ് പ്രതീക്ഷ മങ്ങിയ സ്ഥിതിയാണ്. ചരിത്രം കുറിച്ച് കഴിഞ്ഞ തവണ റണ്ണറപ്പായ ടീമാണ് കേരളം. 15 പോയന്റുമായാണ് മധ്യപ്രദേശ് ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

