രഞ്ജി ഫൈനൽ: ശേഷിക്കുന്നത് ഒറ്റ ദിനം, തിരിച്ചുവരാൻ കേരളത്തിനാകുമോ?
text_fieldsകരുൺ നായർ
നാഗ്പൂരിൽ: നാലാംദിനം അതിവേഗം വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലേക്ക് തിരികെയെത്താമെന്നുള്ള കേരളത്തിന്‍റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ശക്തമായ നിലയിൽ. നാലാംദിനം മത്സരം നിർത്തുമ്പോൾ രണ്ടാമിന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ് വിദർഭ. 286 റൺസിന്‍റെ ലീഡാണ് വിദർഭക്കുള്ളത്.
മലയാളി താരം കരുൺ നായർ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് (132*) വിദർഭയുടെ രണ്ടാമിന്നിങ്സിന്‍റെ നട്ടെല്ലായത്. ബൗളിങ്ങിനെ തുണക്കുന്ന പിച്ചാണെങ്കിലും കേരള ബൗളർമാർക്ക് വിക്കറ്റുകൾ വീഴ്ത്താൻ കഴിയാത്തതും തിരിച്ചടിയായി.
തുടക്കം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിദർഭയെ കരുൺ നായരും ഡാനിഷ് മാലേവറും കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാം ഓവറിൽ പാർഥ് രഖാഡെയുടെയും (1), നാലാം ഓവറിൽ ധ്രുവ് ഷോറിയുടെയും (5) വിക്കറ്റുകളാണ് വീണത്. എന്നാൽ, ഡാനിഷ് മാലേവർ 73 റൺസെടുത്ത് കരുൺ നായർക്ക് മികച്ച പിന്തുണയേകി. മാലേവർ പുറത്തായതിന് പിന്നാലെയെത്തിയ യാഷ് റാത്തോഡ് 24 റൺസെടുത്തു. കരുൺ നായർക്കൊപ്പം നാല് റൺസുമായി ക്യാപ്റ്റൻ അക്ഷയ് വാദ്കറാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്സിൽ 379 റൺസാണ് വിദർഭ നേടിയത്. കേരളത്തിന്‍റെ മറുപടി ബാറ്റിങ് 342 റൺസിന് അവസാനിച്ചിരുന്നു. 37 റൺസിന്‍റെ ആദ്യ ഇന്നിങ്സ് ലീഡിന്‍റെ മേധാവിത്വമാണ് വിദർഭക്കുള്ളത്. കേരളത്തിനായി നായകൻ സച്ചിൻ ബേബി 98 റൺസും ആതിഥ്യ സർവാതെ 79 റൺസും നേടി.
ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ വിദർഭയുടെ വിക്കറ്റുകൾ അതിവേഗം വീണാൽ മാത്രമേ കേരളത്തിന് അൽപമെങ്കിലും പ്രതീക്ഷക്ക് വകയുള്ളൂ. ശേഷിക്കുന്ന സെഷനുകളിൽ വിദർഭയുടെ ലീഡ് മറികടക്കുകയും വേണം. എന്നാൽ, ഈ പിച്ചിൽ അഞ്ചാംദിനം ബാറ്റിങ് അതികഠിനമായിരിക്കുമെന്നാണ് നിരീക്ഷണം. മത്സരം സമനിലയിൽ പിരിഞ്ഞാൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ വിദർഭ കിരീടമുയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

