രഞ്ജി ട്രോഫി: കേരളത്തിനെതിരെ കരുൺ 142*, കർണാടക 319/3
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് ശക്തമായ തുടക്കം. ആദ്യദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് സന്ദർശകർ. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരുടെ പ്രകടനമാണ് കരുത്തായത്. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ ഞെട്ടിച്ചെങ്കിലും പിന്നീട് ഗതിമാറി.
അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ മായങ്ക് അഗർവാളായിരുന്നു ആദ്യം മടങ്ങിയത്. എം.ഡി. നിധീഷിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ മായങ്കിനെ കൈയിലൊതുക്കുകയായിരുന്നു. പിന്നാലെ എട്ട് റൺസെടുത്ത ഓപണർ കെ.വി. അനീഷിനെ എൻ.പി. ബേസിലും അസ്ഹറുദ്ദീന്റെ കൈയിലെത്തിച്ചു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിൽ തകർച്ചയെ മുന്നിൽകണ്ട കർണാടകയെ കരുൺ നായരും കെ.എൽ. ശ്രീജിത്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
ഉച്ചഭക്ഷണത്തിനുശേഷം ശ്രീജിത്തിന്റെ വിക്കറ്റ് നഷ്ടമായി. ബാബ അപരാജിതിന്റെ പന്തിൽ അഹ്മദ് ഇമ്രാൻ ക്യാച്ചെടുക്കുകയായിരുന്നു. 65 റൺസായിരുന്നു ശ്രീജിത്തിന്റെ സംഭാവന. തുടർന്നെത്തിയ ആർ. സ്മരൺ കരുൺ നായർക്ക് മികച്ച പിന്തുണയായി. കരുൺ നായർ 142ഉം സ്മരൺ 88 റൺസുമായി ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

