രഞ്ജി ക്വാർട്ടർ: കൂറ്റൻ സ്കോറിൽ മുംബൈയും ബംഗാളും; ലീഡ് നേടി കർണാടകയും മധ്യപ്രദേശും
text_fieldsഉത്തരാഖണ്ഡിനെതിരെ ഇരട്ട ശതകം തികച്ച മുംബൈ ബാറ്റർ സുവേദ് പാർക്കർ
ബംഗളുരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളുടെ രണ്ടാം ദിനം കൂറ്റൻ സ്കോർ സ്വന്തമാക്കി മുംബൈയും ബംഗാളും. എട്ട് വിക്കറ്റിന് 647 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത മുംബൈ മറുപടി ബാറ്റിങിനിറങ്ങിയ ഉത്തരാഖണ്ഡ് നിരയിലെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. അരങ്ങേറ്റക്കാരൻ സുവേദ് പാർക്കറുടെ ഇരട്ട ശതകവും (252) സർഫറാസ് ഖാന്റെ സെഞ്ച്വറിയുമാണ് (153) മുംബൈയെ റൺമല കയറ്റിയത്. സ്റ്റമ്പെടുക്കുമ്പോൾ ഉത്തരാഖണ്ഡ് രണ്ടിന് 39 എന്ന നിലയിലാണ്.
ഝാർഖണ്ഡിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 577 റൺസെടുത്ത് ബാറ്റിങ് കരുത്തു കാട്ടിയിരിക്കുകയാണ് ബംഗാൾ. സുദീപ് കുമാർ ഗരാമിയുടെയും (186) അനുസ്തൂപ് മജുംദാറിന്റെയും (117) സെഞ്ച്വറികളാണ് വമ്പൻ സ്കോറിലെത്തിച്ചത്. ഇവർക്ക് പുറമെ ബംഗാൾ നിരയിൽ പുറത്തായ എല്ലാ ബാറ്റർമാരും അർധ സെഞ്ച്വറി കണ്ടെത്തി. റൺവരൾച്ച കണ്ട മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ കർണാടക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. 253 റൺസിന് ഒന്നാം ഇന്നിങ്സിൽ പുറത്തായെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച കർണാടക ഉത്തർപ്രദേശിനെ 155 റൺസിലൊതുക്കി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കർണാടകക്ക് 100 റൺസിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കടുക്കുകയാണ്. 198 റൺസ് മുന്നിലാണിപ്പോൾ ആതിഥേയർ. പഞ്ചാബിനെതിരെ മധ്യപ്രദേശും ഒന്നാം ഇന്നിങ്സ് ലീഡ് നേടി. സ്കോർ പഞ്ചാബ് ഒന്നാം ഇന്നിങ്സ്: 219, മധ്യപ്രദേശ് രണ്ടിന് 238. മധ്യപ്രദേശിന് വേണ്ടി ശുഭം ശർമ സെഞ്ച്വറി (102) കുറിച്ചു.