സൂര്യകുമാറിന് പകരം ഇന്ത്യൻ നായകനാകാൻ ആർ.സി.ബി ക്യാപ്റ്റനും?
text_fieldsന്യൂഡൽഹി: ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ നായകനായുള്ള അന്വേഷണം ഊർജ്ജിതമായത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശ്രേയസ് അയ്യർക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതെങ്കിലും മുൻ ബി.സി.സി.ഐ സെലക്ടർ സബ കരീം പുതിയൊരു പേര് കൂടി നിർദേശിച്ചിരിക്കുകയാണ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നായകൻ രജത് പാട്ടിദാർ.
തുടർച്ചയായി രണ്ട് തവണ ആർ.സി.ബിയെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയതോടെയാണ് പാട്ടിദാറിന്റെ നേതൃമികവ് കൂടുതൽ ചർച്ചയായത്. എം.എസ് ധോണിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. ഇന്ത്യക്കായി ഇതുവരെ ടി20 അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും ഐ.പി.എല്ലിലെ മികച്ച പ്രകടനവും നേതൃപാടവവും പാട്ടിദാറിനെ സാധ്യതാ പട്ടികയിൽ മുൻനിരയിലെത്തിക്കുന്നു.
മധ്യനിര ബാറ്ററായ അദ്ദേഹം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ കാണിക്കുന്ന മികവും, താരങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള നൈപുണ്യവും ഇതിനോടകം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പുതിയൊരാളെ അന്വേഷിക്കുന്ന ഇന്ത്യൻ ടീമിന് മികച്ചൊരു ഓപ്ഷനാണ് രജത് പാട്ടിദാർ എന്ന് സബ കരീം വിലയിരുത്തുന്നു.
'ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ഞാൻ രജത് പാട്ടിദാറിന്റെ പേര് കൂടി നിർദേശിക്കുകയാണ്. തുടർച്ചയായി രണ്ട് തവണ ഐ.പി.എൽ കിരീടം നേടുക എന്നത് കഠിനമായ കാര്യമാണ്. എന്നാൽ വളരെ ശാന്തവും ഉറപ്പോടു കൂടിയുമാണ് പാട്ടിദാർ അത് സാധിച്ചെടുത്തത്,' സബ കരീം പറഞ്ഞു. 'വിവിധ രാജ്യങ്ങൾക്കായി കളിക്കുന്ന സൂപ്പർ താരങ്ങളടങ്ങിയ ഒരു ടീമിനെ നയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ മികച്ച രീതിയിൽ അദ്ദേഹം ആ വലിയ ഉത്തരവാദിത്തം നിർവഹിച്ചു,' സബ കരീം കൂട്ടിച്ചേർത്തു.
ശ്രേയസ് അയ്യർക്കൊപ്പം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർക്കും ക്യാപ്റ്റനാകാൻ സാധ്യതയുണ്ടെന്ന് മുൻ സെലക്ടർ വ്യക്തമാക്കി. എന്നാൽ, ഹാർദിക് പാണ്ഡ്യയെ സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 'കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തിയെങ്കിലും ഹാർദിക്കിന്റെ ക്യാപ്റ്റൻസി ശൈലി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിലെ ഫോം പരിഗണിച്ചാലും ഹാർദിക്കിന് ഇന്ത്യൻ ടീമിന്റെ നായകനാകാനുള്ള യോഗ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല,' സബ കരീം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

