ക്യാപ്റ്റൻസിയിലൂടെ പ്രശസ്തി കിട്ടും, പക്ഷേ അത്ര എളുപ്പമല്ല -റിയാൻ പരാഗ്
text_fieldsസഞ്ജു സാംസണും റിയാൻ പരാഗും ഐ.പി.എൽ മത്സരത്തിനിടെ
ജയ്പുർ: മലയാളി താരം സഞ്ജു സാംസൺ ടീം മാറിയതോടെ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് പുതുതായി ആരെ നിയമിക്കണമെന്ന ആലോചനയിലാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റതിനെ തുടർന്ന് എട്ട് മത്സരങ്ങളിൽ ടീമിനെ നയിച്ച റിയാൻ പരാഗിന് ക്യാപ്റ്റൻസി റോൾ നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പുതിയ സീസണിനു മുന്നോടിയായി, കഴിഞ്ഞ മാസമാണ് സഞ്ജുവിനെ രാജസ്ഥാൻ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്സിന് കൈമാറിയത്. ഡിസംബർ 16ന് നടക്കുന്ന താരലേലത്തിനു ശേഷമാകും രാജസ്ഥാൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുക.
ക്യാപ്റ്റൻസി ലഭിച്ചാൽ ടീമിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് പയുകയാണ് 24കാരനായ പരാഗ്. “കഴിഞ്ഞ സീസണിൽ ഏഴെട്ട് മത്സരങ്ങളിൽ ഞാൻ ടീമിനെ നയിച്ചിരുന്നു. എന്‍റെ തീരുമാനങ്ങളിൽ 80-85 ശതമാനവും ശരിയായ രീതിയിലായിരുന്നു. താരലേലത്തിനു ശേഷം ക്യാപ്റ്റൻസിയിൽ തീരുമാനം സ്വീകരിക്കുമെന്നാണ് മനോജ് ബദാലെ അറിയിച്ചിട്ടുള്ളത്. അതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിച്ച് സമ്മർദം കൂട്ടാൻ എനിക്ക് താൽപര്യമില്ല. ടീം മാനേജ്മെന്‍റിന് ബോധ്യപ്പെട്ടാൽ, ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയാറാണ്. അതിലൂടെ എനിക്ക് ടീമിനു വേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും.
ക്യാപ്റ്റൻസിയിലൂടെ പ്രശസ്തി കിട്ടുമെന്നത് ശരിയാണ്. പക്ഷേ ആ റോൾ എല്ലാവരും കരുതുംപോലെ അത്ര എളുപ്പമല്ല. പെർഫോമൻസിനെ 20 ശതമാനമെങ്കിലും ബാധിക്കാൻ സാധ്യതയുള്ള ഒന്നാണത്. എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കണം, സ്പോൺസർമാരുടെ ഷൂട്ടിനെത്തണം, മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകണം. ഇക്കാര്യങ്ങളിലെല്ലാം ഞാൻ മെച്ചപ്പെടേണ്ടതുണ്ട്” -സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പരാഗ് പറഞ്ഞു.
നേരത്തെ ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയേയും സാം കറനെയും കൈമാറിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ ടീമിലെത്തിച്ചത്. 2021 മുതൽ ’25 വരെ റോയൽസിനെ നയിച്ച സഞ്ജുവിനെ 18 കോടിക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. ജദേജക്ക് 14ഉം സാം കറന് 2.4 കോടിയുമാണ് പകരം രാജസ്ഥാൻ നൽകിയത്. രാജസ്ഥാനു വേണ്ടി ഐ.പി.എല്ലിൽ 27 മത്സരങ്ങൾ കളിച്ച താരമാണ് ജദേജ. രണ്ട് ഓൾറൗണ്ടർമാരെ ടീമിലെത്തിച്ചതോടെ, അടുത്ത സീസണിൽ നില മെച്ചപ്പെടുത്താനാകുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

