'രാജസ്ഥാൻ റോയൽസാണ് ലോകം'; ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി സഞ്ജു സാംസൺ
text_fieldsസഞ്ജു സാംസൺ
ജയ്പൂർ: 2026 ഐ.പി.എൽ സീസണിന് മുമ്പായി ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ആർ.അശ്വിനുമായി നടത്തിയ ചാറ്റ്ഷോയിലാണ് സഞ്ജുവിന്റെ പ്രതികരണം. കേരളത്തിലെ ചെറിയ ഗ്രാമത്തിൽ നിന്നും വന്ന തനിക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി തന്നത് രാജസ്ഥാൻ റോയൽസാണെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാനാണ് തന്റെ ലോകം. രാഹുൽ ദ്രാവിഡും മനോജ് ബാദ്ലയുമാണ് തനിക്ക് ക്രിക്കറ്റിൽ വലിയ വേദിയൊരുക്കി തന്നതെന്നും സഞ്ജു പറഞ്ഞു.
ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനൊരുങ്ങുന്നുവെന്ന ചർച്ചകൾ സജീവമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പലതരം അസ്വാരസ്യങ്ങൾക്കിടയിൽ ടീമിൽ നിന്നും പോകാനുള്ള താൽപര്യം മലയാളി താരം മാനേജ്മെന്റിനെ അറിയിച്ചുവെന്നാണ് വിവരം.
ചട്ടപ്രകാരം സഞ്ജുവിന് 2027 വരെ കരാർ നിലവിലുണ്ട്. സഞ്ജുവിനെ അടുത്ത ലേലത്തിൽ ടീമിലെടുക്കാതിരുന്നാൽ മറ്റ് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാം. അതേസമയം, സഞ്ജു സാംസൺ ടീം വിടുന്നത് സംബന്ധിച്ച് ടീം മാനേജ്മെന്റിൽ നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണവും പുറത്തുവന്നിട്ടില്ല.
ടീമിന്റെ ഉടമയായ മനോജ് ബാദ് ലെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുൽ ദ്രാവിഡുമായി ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്ന അനൗദ്യോഗിക വിശദീകരണം രാജസ്ഥാൻ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ടീം സഞ്ജുവിനെ ഒഴിവാക്കുകയാണെങ്കിൽ 2026ലെ മിനി താരലേലത്തിൽ മലയാളി താരവുമുണ്ടാകും.
രാജസ്ഥാൻ റോയൽസിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് വരുത്തിയ ചില മാറ്റങ്ങളിൽ സഞ്ജു അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യശ്വസി ജയ്സ്വാളിനൊപ്പം വൈഭവ് സൂര്യവംശിയെ ഓപണറാക്കുകയും ഈ സഖ്യം വിജയിക്കുകയും ചെയ്തതോടെ ടീമിലെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിലടക്കം അനിശ്ചിതത്വം ഉണ്ടായിരുന്നു.
സഞ്ജുവിന് പകരക്കാരനായാണ് വൈഭവ് ടീമിലേക്ക് വന്നത്. ചില മത്സരങ്ങളിൽ മൂന്നാമനായായിരുന്നു സഞ്ജുവിനെ ഇറക്കിയത്. ഇഷ്ട പൊസിഷനായ ഓപണിങ് സ്ഥാനം നഷ്ടമായതിൽ താരം അസ്വസ്ഥനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

