സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ; കൊൽക്കത്തക്ക് 156 റൺസ് വിജയലക്ഷ്യം
text_fieldsകൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണർമാർ നൽകിയ സ്വപ്നതുല്യമായ തുടക്കം മുതലാക്കാനാവാതെ രാജസ്ഥാൻ റോയൽസ് തകർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങി. ഒരു ഘട്ടത്തിൽ പത്താം ഓവറിൽ ഒന്നിന് 97 റൺസെന്ന ശക്തമായ നിലയിലായിരുന്ന രാജസ്ഥാന് അവസാന 10 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 58 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
യുവതാരം വൈഭവ് സൂര്യവംശിയും (28 പന്തിൽ 46) യശസ്വി ജയ്‌സ്വാളും (29 പന്തിൽ 39) ചേർന്ന് ആദ്യ വിക്കറ്റിൽ 81 റൺസ് അടിച്ചുകൂട്ടി മികച്ച അടിത്തറയിട്ടു. എന്നാൽ വൈഭവിനെ വീഴ്ത്തി വരുൺ ചക്രവർത്തിയാണ് റോയൽസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ധ്രുവ് ജുറെൽ (5), ജയ്‌സ്വാൾ എന്നിവരും മടങ്ങിയതോടെ സ്കോറിങ് വേഗത കുത്തനെ ഇടിഞ്ഞു. ക്യാപ്റ്റൻ റിയാൻ പരാഗ് (12), ഷിമ്രോൺ ഹെറ്റ്മെയർ (15) എന്നിവർക്കും കൊൽക്കത്തയുടെ സ്പിൻ കെണിയിൽ നിന്ന് രക്ഷപെടാനായില്ല.
കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച കാർത്തിക് ത്യാഗിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് നേടി. സീസണിലെ ആദ്യ ജയം തേടിയിറങ്ങുന്ന കൊൽക്കത്തയ്ക്ക് 156 റൺസാണ് വിജയലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

