ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ഏകദിനം; വിശാഖപട്ടണത്ത് മഴ വില്ലനാകുമോ?
text_fieldsവിശാഖപട്ടണം: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്കു മുന്നിൽ മഴ വില്ലനായേക്കും. വിശാഖപട്ടണത്ത് മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
വിശാഖപട്ടണത്ത് ശനി, ഞായർ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം തന്നെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് പലയിടങ്ങളിലും മഴ പെയ്തു. അതേസമയം, മഴ പെയ്താലും സ്റ്റേഡിയത്തിലെ വെള്ളം ഒഴുകിപോകുന്നതിന് മികച്ച ഭൂഗർഭ ഡ്രെയിനേജ് സംവിധാനവും അവശേഷിക്കുന്ന ജലം വലിച്ചെടുക്കുന്നതിന് സൂപ്പർ സോപ്പർ യന്ത്ര സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എസ്.ആർ. ഗോപിനാഥ് റെഡ്ഡി പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശർമ ടീമിൽ തിരിച്ചെത്തുന്നതിനാൽ ഓപണർ സ്ഥാനത്ത് ഇഷാൻ കിഷൻ വഴിമാറിക്കൊടുക്കും. മുൻനിര തകർന്ന ഒന്നാം ഏകദിനത്തിൽ കെ.എൽ. രാഹുലും രവീന്ദ്ര ജദേജയുമാണ് ആതിഥേയരെ വിജയത്തിലെത്തിച്ചത്. ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ് എന്നിവർ എളുപ്പം പുറത്തായിരുന്നു.
ട്വന്റി20യിൽ മികവ് പുലർത്തുന്ന സൂര്യകുമാറിന് ഏകദിനത്തിൽ വീണ്ടും കാലിടറുകയാണ്. ശ്രേയസ് അയ്യർക്ക് പരിക്കായതിനാൽ നാലാം നമ്പർ സ്ഥാനത്ത് സൂര്യകുമാറിന് ഇനിയും അവസരം ലഭിക്കാനാണ് സാധ്യത.