ബംഗളൂരുവിൽ മഴക്കളി; പ്ലേഓഫ് കാണാതെ കൊൽക്കത്ത പുറത്ത്
text_fieldsബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ മത്സരത്തിനെത്തിയ ആരാധകർ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച വിരാട് കോഹ്ലിക്ക് വെള്ള ജഴ്സിയണിഞ്ഞ് ആദരമർപ്പിക്കുന്നു. കനത്ത മഴമൂലം ആർ.സി.ബി-കെ.കെ.ആർ മത്സരം ടോസിനുപോലും സാധിക്കാതെ ഉപേക്ഷിച്ചു.
ബംഗളൂരു: ഇടവേളക്കുശേഷം ഐ.പി.എൽ മത്സരങ്ങൾ കാണാനെത്തിയ ആരാധകരെ നിരാശപ്പെടുത്തി ബംഗളൂരുവിൽ പെരുമഴ. റോയൽ ചാലഞ്ചേഴ്സുമായുള്ള മത്സരം ടോസ് പോലും ഇടാനാനാകാതെ ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫ് കാണാതെ പുറത്തായി. 12 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള കെ.കെ.ആറിന് അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. പരമാവധി സീസണിൽ നേടാനാകുക 14 പോയിന്‍റാണ്.
14നു മുകളിൽ പോയിന്‍റുള്ള മൂന്ന് ടീമുകളാണ് നിലവിലുള്ളത്. 13ഉം 14ഉം പോയിന്‍റുകളുള്ള ഡൽഹി ക്യാപിറ്റൽസിനും മുംബൈ ഇന്ത്യൻസിനും മത്സരങ്ങൾ അവശേഷിക്കുന്നതിനാൽ കൊൽക്കത്തക്ക് ഇനി പ്ലേഓഫിൽ കടക്കാനാകില്ലെന്ന് ഉറപ്പായി. ഇതോടെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രണ്ട് ടീമുകളും ടൂർണമെന്‍റിൽനിന്ന് പുറത്തായി.
അതേസമയം മഴയിൽ മുങ്ങിയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ, ടെസ്റ്റിൽനിന്ന് വിരമിച്ച വിരാട് കോഹ്ലിക്ക് പിന്തുണയുമായി നിരവധി ആരാധകർ താരത്തിന്‍റെ പേരോടുകൂടിയ വെള്ള ജഴ്സിയണിഞ്ഞാണ് ശനിയാഴ്ച എത്തിയത്. ഇടവേളക്കുശേഷം ഐ.പി.എൽ ആവേശത്തിന് സാക്ഷിയാകാമെന്ന ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ മഴ കൊണ്ടുപോയി. പോയിന്‍റ് പട്ടികയിൽ 17 പോയിന്‍റുമായി ആർ.സി.ബി ഒന്നാമതാണ്. ഗുജറാത്ത് ടൈറ്റൻസ് (16), പഞ്ചാബ് കിങ്സ് (15), മുംബൈ ഇന്ത്യൻസ് (14) എന്നിവയാണ് ആദ്യ നാലിലുള്ള മറ്റ് ടീമുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.