ലങ്കൻ പര്യടനം ചവിട്ടുപടിയാകും; ശാസ്ത്രിക്ക് ശേഷം ദ്രാവിഡ് ഇന്ത്യൻ കോച്ച്?
text_fieldsശാസ്ത്രിയും ദ്രാവിഡും (ഫയൽ)
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള 'യങ് ഇന്ത്യ'യെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ നായകനായ രാഹുൽ ദ്രാവിഡാണ്. രവി ശാസ്ത്രിയുടെ കാലാവധി കഴിയുന്നതോടെ ഒഴിയുന്ന ഇന്ത്യൻ സീനിയർ ടീമിെൻറ ഹെഡ് കോച്ച് പദവിയിലേക്ക് ദ്രാവിഡ് എത്തുമെന്ന വാർത്തകൾക്ക് കനം പകരുന്നതാണ് ഈ നിയമനം.
2021 ഐ.സി.സി ട്വൻറി20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാനായി ബ്രിട്ടനിലേക്ക് പോകും. ഇതോടെയാണ് ജൂലൈയിൽ ലങ്കക്കെതിരെ നടക്കാൻ പോകുന്ന ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിന് തന്ത്രം ഓതാനുള്ള ചുമതല ദ്രാവിഡിന് കൈവന്നത്. സീനിയർ താരങ്ങൾ ഇംഗ്ലണ്ടിലാകുന്നതിനാൽ യുവ നിരയുമായാകും ഇന്ത്യ അയൽ രാജ്യം സന്ദർശിക്കുക.
അനിൽ കുംബ്ലെയിൽ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശാസ്ത്രി ആസ്ട്രേലിയയെ രണ്ടുവട്ടം അവരുടെ മണ്ണിൽ തോൽപിച്ച് ചരിത്രം രചിച്ചിരുന്നു. മറ്റൊരു കോച്ചിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. കളിക്കളത്തിലെ പ്രകടന മികവ് പരിഗണിക്കുേമ്പാൾ വിരാട് കോഹ്ലിയും സംഘവുമാണ് സമകാലീന ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സ്ഥിരത പുലർത്തുന്നതെന്ന വസ്തുതയിലും ശാസ്ത്രിക്ക് അഭിമാനിക്കാം.
നിലവിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. അണ്ടർ 19, ഇന്ത്യ 'എ' ടീമുകളിലൂടെ ദ്രാവിഡ് വളർത്തിക്കൊണ്ടു വന്ന താരങ്ങളാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ യുവതാരങ്ങളെല്ലാം. അതിനാൽ തന്നെ ദ്രാവിഡ് വന്നാൽ പണി എളുപ്പമാകുമെന്ന് ചുരുക്കം.
ദ്രാവിഡ് സീനിയർ ടീം പരിശീലകനായി നിയമിക്കപ്പെടുന്നതിെൻറ ആദ്യ ചവിട്ടുപടിയാണ് ലങ്കൻ പര്യടനമെന്നാണ് അണിയറ സംസാരം. ജൂലൈയിൽ ലങ്കയിൽ മൂന്ന് വീതം ഏകദിന, ട്വൻറി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്.