'തോറ്റതിന്‍റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു'; പഞ്ചാബിനെതിരെയുള്ള തോൽവിക്ക് ശേഷം നായകൻ രഹാനെ
text_fieldsമൊഹാലി: 111 റൺസിന് പുറത്താക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ് കിങ്‌സ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 16 റൺസിനാണ് പഞ്ചാബിന്‍റെ അവശ്വസനീയ ജയം. നാല് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസന്റെയും ഗംഭീര സ്പെല്ലാണ് കൊൽക്കത്തയുടെ വിജയ മോഹങ്ങളെ തകർത്തെറിഞ്ഞത്.
അവസാന വിക്കറ്റ് വരെ കൊൽക്കത്തക്ക് വിജയ പ്രതീക്ഷ നൽകിയ ആന്ദ്രേ റസ്സലിനെ (17) മാർക്കോ ജാൻസൻ ക്ലീൻ ബൗൾഡാക്കിയതോടെ കൊൽക്കത്തയുടെ ഇന്നിങ്സ് 95 റൺസിൽ അവസാനിച്ചു. ഐ.പി.എല്ലിൽ ഒരു ടീം ഡിഫൻഡ് ചെയ്യുന്ന ഏറ്റവും ചെറിയ സ്കോറാണിത്. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാമതായി.
ഒരു ഘട്ടം 7.2 ഓവറിൽ നിന്നും 62 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്നുമാണ് കൊൽക്കത്തയുടെ തകർച്ച. മൂന്നാമനായി 17 പന്തിൽ നിന്നും 17 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ പുറത്തായതിന് ശേഷം കെ.കെ. ആറിന്‍റെ ബാറ്റിങ് തകരുകയായിരുന്നു. മത്സരത്തിന് ശേഷം തോൽവിയുടെ സകല ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നു എന്ന് പറയുകയാണ് രഹാനെ.
തന്‍റെ പുറത്താകലാണ് ടീമിന്‍റെ തോൽവിക്ക് കാരണമെന്ന് രഹാനെ സ്വയം കുറ്റപ്പെടുത്തി. എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് താരം പുറത്തായത്. എന്നാൽ പന്ത് ഓഫ് സ്റ്റമ്പ് മിസ് ചെയ്യുന്നതിനാൽ ഡി.ആർ.എസ് എടുത്തിരുന്നെങ്കിൽ രഹാനെ രക്ഷപ്പെടുമായിരുന്നു. പക്ഷേ അമ്പയറുടെ തീരുമാനം രഹാനെ ശരിയാണെന്ന് കരുതി ഡ്രസിങ് റൂമിലേക്ക് മടങ്ങി.
'എന്റെ പുറത്താകലോടെ ബാറ്റിങ് തകർച്ച ആരംഭിച്ചതിനാൽ എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു. പന്ത് സ്റ്റമ്പിൽ നിന്ന് പുറത്തേക്ക് പോകുമോ അതോ ഓഫിൽ നിന്ന് പുറത്തേക്ക് പിച്ച് ചെയ്യുമോ എന്ന് എനിക്കും ആംഗ്രിഷിനും ഉറപ്പില്ലായിരുന്നു. അത് അമ്പയറുടെ തീരുമാനമായിരിക്കുമെന്ന് ഞാൻ കരുതി, അതിനാൽ ഒരു റിവ്യൂ പാഴാക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.
ആ ഷോട്ട് ഞാൻ ഒരിക്കലും കളിക്കാൻ പാടില്ലായിരുന്നു. നൽകിയ എഫേർട്ടിൽ നിരാശനാണ്. ഞങ്ങൾ ബാറ്റർമാർ വളരെ മോശമായി ബാറ്റ് ചെയ്തു. ശക്തമായ പഞ്ചാബ് ബാറ്റിങ് നിരക്കെതിരെ ബൗളർമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ ബാറ്റർമാരുടെ അനാവശ്യ തിടുക്കമാണ് പരാജയത്തിന് കാരണം. എല്ലാ ഉത്തരവാദിത്തവും ബാറ്റർമാരുടേതാണ്. തോൽവിയിൽ വളരെ നിരാശയുണ്ട്,' രഹാനെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.