വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം
text_fieldsചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താൻ മതിയായ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ. വൈഭവ് ടീമിൽ ഒരു അവസരം അർഹിക്കുന്നുണ്ടെങ്കിലും അതിനായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി അഭിഷേക് ശർമ്മ അൺടച്ചബിൾ ആണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ കൂട്ടിച്ചേർത്തു.
"വൈഭവിനെ ഇപ്പോൾ ടീമിൽ നിന്ന് പുറത്ത് നിർത്താൻ മതിയായ പ്രകടനം സഞ്ജു നടത്തുന്നുണ്ട്. നിർഭാഗ്യവശാൽ, വൈഭവിന് ഒരു അവസരം നൽകേണ്ടതാണ്. പക്ഷെ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കും. അഭിഷേക് ശർമ്മ അൺടച്ചബിളാണെന്ന് ഇന്ത്യൻ മാനേജ്മെന്റിനും എല്ലാവർക്കും അറിയുന്നത് കൊണ്ടാണ് ഇവർ തമ്മിലുള്ള ഈ പോരാട്ടം തുടരുന്നതിന് കാരണം. അഭിഷേക് ഒരു അസാധാരണ കളിക്കാരനാണ്. അവൻ നന്നായി ബാറ്റ് ചെയ്താൽ എപ്പോഴും ഇന്ത്യയെ വിജയിപ്പിക്കും," അശ്വിൻ പറഞ്ഞു.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി 20 പരമ്പര പുരോഗമിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ വൈഭവിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിലാണ് 15കാരൻ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്.
അതേസമയം, വിൻഡീസ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. 11, 82, മൂന്ന് എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകൾ. പരമ്പരയിലെ നാലാം ട്വന്റി 20 മത്സരം ഒക്ടോബർ 14ന് ഹൈദരാബാദിൽ നടക്കാനിരിക്കെയാണ് അശ്വിന്റെ ഈ പ്രതികരണം.
വിഡിയോയിൽ അശ്വിൻ അഭിഷേക് ശർമ്മയുടെ ബാറ്റിങ്ങിനെ കുറിച്ചും പ്രശംസിച്ചു. അവൻ ഒരു മികച്ച കളിക്കാരനാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ബുദ്ധിമുട്ടുള്ള വിക്കറ്റുകളിൽ പോലും അവൻ റൺസ് നേടുന്നത് ഞാനൊരു വലിയ പോസിറ്റീവായിട്ടാണ് കാണുന്നത്. സ്റ്റൈലും, ഗ്രേസും, ടൈമിങ്ങും കാരണം അവന്റെ കളി കാണുന്നത് തനിക്ക് എപ്പോഴും ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

