രോഹിത്തിന് ഇടമില്ല! അശ്വിന്‍റെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടീമിൽ നാലു ഇന്ത്യൻ താരങ്ങൾ...
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫിയിൽ എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ നായകൻ രോഹിത് ശർമ മുന്നിൽനിന്ന് നയിച്ചപ്പോൾ, ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് നാലു വിക്കറ്റിന്‍റെ അനായാസ ജയം.
കിവീസ് മുന്നോട്ടുവെച്ച 252 റൺസ് വിജയലക്ഷ്യം ആറു പന്തുകളും നാലു വിക്കറ്റുകളും കൈയിലിരിക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്. ഫൈനലിൽ 83 പന്തിൽ 76 റൺസുമായി രോഹിത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, മുൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ തെരഞ്ഞെടുത്ത ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടീമിൽ രോഹിത്തിന് ഇടമില്ലെന്നതാണ് ശ്രദ്ധേയം. നാലു ഇന്ത്യൻ താരങ്ങളാണ് ടീമിലുള്ളത്. കിവീസിന്‍റെ രചിൻ രവീന്ദ്രയും ഇംഗ്ലണ്ടിന്‍റെ ബെൻ ഡക്കറ്റുമാണ് ഓപ്പണർമാർ. ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് രചിൻ രവീന്ദ്രയാണ്. നാലു മത്സരങ്ങളിൽനിന്ന് 263 റൺസുമായി ടൂർണമെന്‍റിലെ ടോപ് സ്കോററായി. ഡക്കറ്റ് 227 റൺസെടുത്തു.
സൂപ്പർതാരം വിരാട് കോഹ്ലിയാണ് മൂന്നാം നമ്പർ ബാറ്റർ. പാകിസ്താനെതിരെ അപരാജിത സെഞ്ച്വറിയും (100*) സെമിയിൽ ആസ്ട്രേലിയക്കെതിരെ 84 റൺസുമായും കോഹ്ലി ടീമിന്‍റെ വിജയത്തിന്‍റെ നട്ടെല്ലായിരുന്നു. നലാം നമ്പറിൽ ശ്രേയസ് അയ്യരെത്തും. ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്നു. അഞ്ചു മത്സരങ്ങളിൽനിന്ന് 243 റൺസെടുത്തു. സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ് അശ്വിന്‍റെ ടീമിലെ മറ്റു ഇന്ത്യൻ താരങ്ങൾ.
വരുൺ ഒമ്പതു വിക്കറ്റും കുൽദീപ് ഏഴു വിക്കറ്റും നേടി ഇന്ത്യൻ ബൗളിങ്ങിൽ നിർണായക പങ്കുവഹിച്ചു. ന്യൂസിലൻഡ് താരങ്ങളായ മിച്ചൽ ബ്രേസ്വെൽ, മാറ്റ് ഹെൻറി എന്നിവരും ടീമിലുണ്ട്. തോളിലെ പരിക്കിനെ തുടർന്ന് ഹെൻറിക്ക് ഫൈനൽ നഷ്ടമായിരുന്നു. 12ാമനായി കിവീസ് നായകൻ മിച്ചൽ സാന്‍റനറെയും ഉൾപ്പെടുത്തി.
ദുബൈയിൽ നടന്ന കലാശപ്പോരിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
അശ്വിന്‍റെ ടീം:
രചിൻ രവീന്ദ്ര, ബെൻ ഡക്കറ്റ്, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ്, ഡേവിഡ് മില്ലർ, അസ്മത്തുല്ല ഉമർസായി, മിച്ചൽ ബ്രേസ്വെൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മാറ്റ് ഹെൻറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

