ചെന്നൈ പരിശീലകനാകാൻ ധോണി? സൂചന നൽകി ആർ. അശ്വിൻ
text_fieldsചെന്നൈ: ഐ.പി.എല്ലിൽ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്സിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. നിലവിലെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മാറ്റി പകരം എം.എസ്. ധോണിയെ ചെന്നൈയുടെ മുഖ്യ പരിശീലകനാക്കിയേക്കുമെന്ന സൂചനകൾ പുറത്തുവന്നു. മുൻ ചെന്നൈ താരവും ഇന്ത്യൻ സ്പിന്നറുമായ ആർ. അശ്വിനാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരമൊരു സൂചന നൽകിയത്.
രുതുരാജ് ഗെയ്ക്‌വാദ് നയിച്ച ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസൺ കടുത്ത നിരാശയുടേതായിരുന്നു. അവസാന മൂന്ന് മത്സരങ്ങളും തോറ്റ ടീം 14 മത്സരങ്ങളിൽ എട്ട് തോൽവികളോടെയാണ് പുറത്തായത്. ഇതോടെ നിലവിലെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിന് മേൽ സമ്മർദം ശക്തമായിരിക്കുകയാണ്. ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിശീലകരുടെ ഭാവി എപ്പോഴും ടീമിന്റെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും അന്തിമ തീരുമാനം മാനേജ്‌മെന്റിന്റേതാണെന്നും ഫ്ലെമിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എക്സിൽ ഒരു ആരാധകൻ തമാശയായി പങ്കുവെച്ച കുറിപ്പിന് മറുപടി നൽകിയാണ് അശ്വിൻ ഈ സൂചന നൽകിയത്. ഫ്ലെമിങ്ങിനെ മാറ്റുകയാണെങ്കിൽ പകരം അശ്വിനെ കോച്ചാക്കരുതെന്നും, അദ്ദേഹം കളിക്ക് മുമ്പ് തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പ്ലേയിങ് ഇലവൻ പ്രഖ്യാപിക്കുമെന്നുമായിരുന്നു ആരാധകന്റെ പരിഹാസം. ഇതിന് അശ്വിൻ തന്റെ തനത് ശൈലിയിൽ മറുപടി നൽകി: 'തീർച്ചയായും ഞാൻ അതുതന്നെ ചെയ്യും! പ്ലേയിങ് ഇലവൻ മാത്രമല്ല, ടീമിന്റെ ബാറ്റിങ്-ബോളിങ് പ്ലാനുകൾ കൂടി എതിരാളികൾക്ക് ചോർത്തി നൽകും. അതുവഴി ആന്റി കറപ്ഷൻ യൂനിറ്റ് എന്നെ പിടികൂടുകയും എന്റെ പരാജയം ഉറപ്പാക്കുകയും ചെയ്യാം. നിങ്ങൾക്ക് നിയമങ്ങളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?. 'എം.എസ്. ധോണിയുള്ളപ്പോൾ നിങ്ങൾ എന്തിനാണ് മറ്റൊരാളെ അന്വേഷിക്കുന്നത്?' എന്നായിരുന്നു അശ്വിന്റെ ചോദ്യം. ചെന്നൈ ടീമിന്റെ തന്ത്രങ്ങൾ ധോണിയേക്കാൾ നന്നായി മറ്റാർക്കും അറിയില്ലെന്നും അശ്വിൻ എക്സിൽ കുറിച്ചു.
പരിക്കിനെ തുടർന്ന് ഈ സീസണിലെ ഒരൊറ്റ മത്സരത്തിൽ പോലും ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ആദ്യം കാലിലെ പേശിവലിവും പിന്നീട് തള്ളവിരലിനേറ്റ പരിക്കുമാണ് താരത്തിന് തിരിച്ചടിയായത്. ചെന്നൈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നേരത്തെ തന്നെ ഒഴിഞ്ഞ ധോണി, പരിശീലകനായി എത്തുന്നത് ടീമിനും ആരാധകർക്കും ഒരുപോലെ ആവേശം നൽകുന്ന കാര്യമാണ്. കളിയിലുള്ള അദ്ദേഹത്തിന്റെ അസാധാരണമായ അറിവും സമ്മർദ്ദഘട്ടങ്ങളിലെ ശാന്തതയും ചെന്നൈയെ വീണ്ടുമൊരു തിരിച്ചുവരവിന് സഹായിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

