‘അടുത്ത രണ്ട് മത്സരങ്ങളിൽ ഗിൽ പരാജയപ്പെട്ടാൽ സഞ്ജുവിനെ ഇറക്കണം; ലോകകപ്പിന് മികച്ച സ്ക്വാഡ് വേണം’
text_fieldsസഞ്ജു സാംസൺ, ശുഭ്മൻ ഗിൽ
ചെന്നൈ: ട്വന്‍റി20 ലോകകപ്പ് വരാനിരിക്കെ, ഉപനായകൻ ശുഭ്മൻ ഗില്ലിന്‍റെ ഫോം ആശങ്കയാകുകയാണ് ടീം ഇന്ത്യ മാനേജ്മെന്‍റിന്. കഴിഞ്ഞ 21 വൈറ്റ്ബാൾ ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി നേടാൻ പോലും ഗില്ലിന് സാധിച്ചിട്ടില്ല. ലോകകപ്പിന് ഇനി രണ്ട് മാസം പോലും ശേഷിക്കുന്നില്ല എന്നിരിക്കെ, ദക്ഷിണാഫ്രിക്കക്കെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുകയാണെങ്കിൽ ഗില്ലിനെ പുറത്തിരുത്തി സഞ്ജുവിനെ തിരികെ എത്തിക്കാനുള്ള തീരുമാനം സ്വീകരിക്കാൻ മാനേജ്മെന്‍റ് തയാറാകണമെന്ന് അഭിപ്രായപ്പെടുകയാണ് ഇന്ത്യയുടെ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
“ഇക്കാര്യത്തിൽ എനിക്ക് അൽപം ആശങ്കയുണ്ട്. ശുഭ്മൻ ഗിൽ ഓപണർ മാത്രമല്ല, ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. ഉപനായകനെ എങ്ങനെ പുറത്തിരുത്തും? അത് ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണ്. എന്നാൽ അത്തരത്തിലൊന്ന് സ്വീകരിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ, കടുത്ത തീരുമാനം സ്വീകരിക്കണം. ട്വന്‍റി20 ലോകകപ്പിന് മികച്ച സ്ക്വാഡിനെ തന്നെ അണിനിരത്തണം. ഗില്ലിന് റൺ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ പകരം സഞ്ജുവിനെ ഇറക്കാൻ മാനേജ്മെന്‍റ് തയാറാകണം. ഗില്ലിന്‍റെ സ്ട്രൈക് റേറ്റ് ഏറെ കുറവാണെന്ന കാര്യവും പരിഗണിക്കണം. പരമ്പരക്കിടയിൽ സഞ്ജുവിനെ തിരികെ ഇലവനിൽ എത്തിക്കണമെന്ന് പറയുന്നില്ല. വൈസ് ക്യാപ്റ്റനെ മാറ്റിനിർത്തുന്നത് ശരിയല്ലല്ലോ” -അശ്വിൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ 0, 4, 28 എന്നിങ്ങനെയാണ് ഗില്ലിന്‍റെ സ്കോർ. ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് ഒരുവർഷത്തോളം മാറിനിന്ന ഗിൽ, കഴിഞ്ഞ ഏഷ്യകപ്പിനു മുന്നോടിയായാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഓപണിങ് റോളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മലയാളി താരം സഞ്ജു സാംസണെ ബെഞ്ചിലിരുത്തുന്നതിനും ഗില്ലിന്‍റെ വരവ് കാരണമായി. തുടക്കത്തിൽ മധ്യനിരയിലേക്ക് താഴ്ത്തിയ സഞ്ജു, ജിതേഷ് ശർമ വിക്കറ്റിനു പിന്നിൽ എത്തിയതോടെ ഇലവനിൽനിന്ന് പുറത്താകുകയായിരുന്നു. ജനുവരിയിൽ ന്യൂസിലൻഡിനെതിരെയാണ് അടുത്ത പരമ്പര. ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ലോകകപ്പ് ഫെബ്രുവരിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

