ധോണിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ ജദേജയോട് അശ്വിൻ; ഹൃദയസ്പർശിയായ വാക്കുകളിൽ മറുപടി നൽകി ഓൾ റൗണ്ടർ
text_fieldsചെന്നൈ: ഓൾ റൗണ്ടർ രവീന്ദ്ര ജദേജയുടെ ക്രിക്കറ്റ് കരിയറിൽ വലിയ സ്വാധീനം ചെലുത്തിയ താരങ്ങളിൽ ഒരാളാണ് എം.എസ്. ധോണി. 2008ലെ അണ്ടർ -19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജദേജ അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ സീനിയർ ടീമിലുമെത്തി.
കരിയറിൽ പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജദേജ ടീമിലെ സ്ഥിരം സാന്നിധ്യമാകുന്നതിൽ നായകനായ ധോണിക്കും പങ്കുണ്ടായിരുന്നു. ആർ. അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ജദേജയോട് ധോണിയെ ഒറ്റവാക്കിൽ വിവരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഹൃദയസ്പർശിയായ വാക്കിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകന്‍ കൂടിയായ ജദേജ മറുപടി നൽകുന്നത്.
‘ധോണിയുടെ മഹത്വം വിവരിക്കാൻ ഒറ്റ വാക്ക് മതിയാകില്ല. എല്ലാവരുടെയും മുകളിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം’ -ജദേജ പറഞ്ഞു. ജദേജയുടെ പ്രതിഭ തിരിച്ചറിഞ്ഞാണ് 2022 ഐ.പി.എൽ മെഗാ ലേലത്തിൽ ധോണി അദ്ദേഹത്തെ ചെന്നൈ ടീമിലെത്തിക്കുന്നത്. അന്നു മുതൽ ജദേജ സി.എസ്.കെക്ക് ഒപ്പമുണ്ട്. 2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിനുവേണ്ടി കളിച്ചിട്ടുണ്ട്.
ഐ.പി.എല്ലിൽ ചെന്നൈയുടെ ടോപ് സ്കോറർമാരിൽ അഞ്ചാമതാണ് താരം -2198 റൺസ്. വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനും. 2022ൽ ടീമിന്‍റെ നായകനായെങ്കിലും മോശം പ്രകടത്തിന്‍റെ പേരിൽ പദവിയിൽനിന്ന് മാറ്റി. ഇത്തവണ 18 കോടി രൂപക്കാണ് താരത്തെ ചെന്നൈ നിലനിർത്തിയത്.
എന്നാൽ, സീസണിൽ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. 14 മത്സരങ്ങളിൽനിന്ന് 301 റൺസാണ് സമ്പാദ്യം. 10 വിക്കറ്റും. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ പോയന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്. തുടർച്ചയായി രണ്ടു സീസണുകളിൽ ലീഗ് റൗണ്ടിൽ പുറത്താകുന്നതും ആദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

