ആർ. അശ്വിൻ മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയുമായി എതിർ ടീം
text_fieldsചെന്നൈ: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെതിരെ പന്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയുമായി തമിഴ്നാട് പ്രീമിയർ ലീഗിലെ (ടി.എൻ.പി.എൽ) ടീമായ മധുരൈ പാന്തേഴ്സ്. ടി.എൻ.പി.എല്ലിൽ ജൂൺ 14ന് ദിണ്ഡിഗൽ ഡ്രാഗൺസ്-മധുരൈ പാന്തേഴ്സ് മത്സരത്തിനിടെ ഡ്രാഗൺസ് ക്യാപ്റ്റൻ കൂടിയായ അശ്വിൻ പന്തിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് മധുരൈ പാന്തേഴ്സ് ടി.എൻ.പി.എൽ സംഘാടകർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ തെളിവുകൾ സമർപ്പിക്കാൻ നിർദേശിച്ചിരിക്കുകയാണ് സംഘാടകർ.
മത്സരത്തിനിടെ രാസവസ്തു കലർത്തിയ ടവ്വൽ ഉപയോഗിച്ച് അശ്വിൻ പന്ത് തുടച്ചുവെന്നും ഇതുവഴി പന്തിന്‍റെ ഭാരം വർധിപ്പിച്ചുവെന്നുമാണ് എതിർ ടീമിന്‍റെ പരാതി. ഇതിന് ശേഷം പന്ത് ബാറ്റിൽ കൊള്ളുമ്പോൾ ഒരു ലോഹ ശബ്ദമാണ് കേട്ടതെന്നും മധുരൈ പാന്തേഴ്സ് പറയുന്നു. പരാതിയിൽ തെളിവുകൾ നൽകാൻ ടി.എൻ.പി.എൽ സി.ഇ.ഒ പ്രസന്ന കണ്ണൻ മധുരൈ പാന്തേഴ്സിനോട് നിർദേശിച്ചു.
'മത്സരത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ എന്ത് പരാതി കിട്ടിയാലും അത് സ്വീകരിച്ച് അന്വേഷിക്കും. പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ നൽകാൻ പരാതിക്കാരോട് ആവശ്യപ്പെടും. ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടാൽ മാത്രമേ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയോഗിക്കൂ. തെളിവുകളില്ലാതെ ഒരു താരത്തിനെതിരെയോ ഫ്രാഞ്ചൈസിക്കെതിരെയോ ആരോപണമുന്നയിക്കുന്നത് തെറ്റാണ്. അവർക്ക് തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടിവരും' -പ്രസന്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

