അയ്യർ ദ ഗ്രേറ്റ്! ഐ.പി.എല്ലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ശ്രേയസ്, ഒരു നായകനുമില്ലാത്ത റെക്കോഡ്
text_fieldsഅഹ്മദാബാദ്: നായകൻ ശ്രേയസ് അയ്യരുടെ അപരാജിത അർധ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് ഐ.പി.എൽ ഫൈനലിലെത്തിയത്. ബുധനാഴ്ച രാത്രി നടക്കുന്ന കലാശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് എതിരാളികൾ.
മഴ കാരണം രണ്ടര മണിക്കൂറിലേറെ വൈകി തുടങ്ങിയ മത്സരത്തിൽ മുംബൈയുടെ സ്കോറായ 203 റൺസ് ശ്രേയസിന്‍റെ നേതൃത്വത്തിൽ പഞ്ചാബിന്റെ ചുണക്കുട്ടികൾ അനായാസം മറികടന്നു. ബംഗളൂരുവിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പഞ്ചാബിന്റെ ഉഗ്രൻ തിരിച്ചുവരവാണ് രണ്ടാം ക്വാളിഫയർ മത്സരത്തിൽ കണ്ടത്. ശ്രേയസ് 41 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുമടക്കം 87 റൺസെടുത്തു. നേഹൽ വധേര (48), ജോഷ് ഇൻഗ്ലിസ് (38) പ്രിയാൻഷ് ആര്യ (20) എന്നിവർ തങ്ങളുടെ പങ്ക് ഭംഗിയാക്കി. 2014നുശേഷം ആദ്യമായി ഫൈനൽ കളിക്കുന്ന പഞ്ചാബ് ഐ.പി.എൽ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്.
പഞ്ചാബ് ഫൈനലിലെത്തിയതോടെ ഐ.പി.എല്ലിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ശ്രേയസ്. ഐ.പി.എല്ലിൽ മൂന്നു ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ 2018ൽ ഡൽഹി കാപിറ്റൽസിനൊപ്പമാണ് ശ്രേയസ് ക്യാപ്റ്റന്‍റെ ഇന്നിങ്സ് തുടങ്ങുന്നത്. 2020ൽ ടീമിനെ ആദ്യമായി ഫൈനലിൽ എത്തിച്ചു. എന്നാൽ, രോഹിത് ശർമ നയിച്ച മുംബൈ ഇന്ത്യൻസിനു മുമ്പിൽ ടീമിന് കാലിടറി. 2022 ഐ.പി.എൽ മെഗാ ലേലത്തിനു പിന്നാലെയാണ് ശ്രേയസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുന്നത്.
2024ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. കിരീടം നേടിയിട്ടും തൊട്ടടുത്ത സീസണിൽ ശ്രേയസിനെ കൊൽക്കത്ത കൈവിട്ടു. മെഗാ ലേലത്തിൽ 26.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. തീരുമാനം തെറ്റിയില്ല, സീസണിൽ നായകനൊത്ത പ്രകടനവുമായി പഞ്ചാബിനെ ഫൈനലിലേക്ക് നയിച്ചു. ബംഗളൂരുവിനെതിരായ ഫൈനൽ ജയിച്ചാൽ, രണ്ടു വ്യത്യസ്ത ടീമുകൾക്കൊപ്പം ഐ.പി.എൽ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന അപൂർവ നേട്ടവും ശ്രേയസിന് സ്വന്തമാകും.
കളിയുടെ നല്ലനേരം മഴ കവർന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 203 റൺസെടുത്തു. 44 റൺസ് വീതം നേടിയ തിലക് വർമയും സൂര്യകുമാർ യാദവും തിളങ്ങി. ജോണി ബെയർസ്റ്റോ (38), നമാൻ ധിർ (37) എന്നിവരുടെ റൺസമ്പാദ്യമാണ് മുംബൈ സ്കോർ 200 കടത്തിയത്. പഞ്ചാബ് നിരയിൽ അർഷ്ദീപ് സിങ്ങിനൊഴികെ ബൗൾ ചെയ്തവർക്കെല്ലാം വിക്കറ്റുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായ രോഹിത് ശര്‍മ ഏഴ് പന്തില്‍ എട്ട് റണ്‍സ് നേടി പുറത്തായി.
ഇതോടെ ഒരു മോശം റെക്കോഡും രോഹിത്തിന്റെ പേരിലായി. ഐ.പി.എല്‍ നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന താരമെന്ന ചീത്തപ്പേരാണ് രോഹിത് ‘സ്വന്ത’മാക്കിയത്. ഇത് ഒമ്പതാം തവണയാണ് രോഹിത് നോക്ക്ഔട്ട് റൗണ്ടില്‍ ഇരട്ടയക്കം കാണാതെ പുറത്താകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

