ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പണി കിട്ടിയത് പാക് സൂപ്പർ ലീഗിന്, ഡി.ആർ.എസ് സാങ്കേതിക വിദ്യക്ക് ആളില്ല...
text_fieldsഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച പാക് സൂപ്പർ ലീഗിലെ (പി.എസ്.എൽ) മത്സരങ്ങൾ പുനരാരംഭിച്ചെങ്കിലും ഡി.ആർ.എസ് സംവിധാനം ഇല്ല. ഡി.ആർ.എസ് സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന ഹ്വാക്ക് ഐ ടീമിലെ ജീവനക്കാർ ഇതുവരെ പാകിസ്താനിൽ എത്തിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യ-പാക് സംഘർത്തെ തുടർന്ന് മെയ് ഏഴിന് നിർത്തിവെച്ച പി.എസ്.എൽ മത്സരങ്ങൾ കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. പി.എസ്.എല്ലിൽ ഡി.ആർ.എസ് സംവിധാനം നിയന്ത്രിക്കുന്ന ഭൂരിഭാഗം ടെക്നീഷ്യന്മാരും ഇന്ത്യയിൽനിന്നുള്ളവരാണ്. ലീഗിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് ഡി.ആർ.എസ് സംവിധാനം ലഭ്യമല്ലെന്നും പാക് ക്രിക്കറ്റ് ബോർഡിനും ടീമുകൾക്കും കനത്ത തിരിച്ചടിയാണെന്നും വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മത്സരങ്ങൾ നിർത്തിവെച്ചതിനു പിന്നാലെയാണ് ഇന്ത്യൻ ടെക്നീഷ്യന്മാർ നാട്ടിലേക്ക് മടങ്ങിയത്. ലീഗ് പുനരാരംഭിച്ചശേഷമുള്ള ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ വലിയ വിവാദങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളിൽ ഡി.ആർ.എസിന്‍റെ അഭാവം വലിയ തിരിച്ചടിയാകും.
ഇതുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് ഇതുവരെ പരസ്യ പ്രതികരണമെന്നും നടത്തിയിട്ടില്ല. വ്യാഴാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ എലിമിനേറ്ററിൽ ഡേവിഡ് വാർണറിന്‍റെ കറാച്ചി കിങ്സിനെ ഷഹീൻ അഫ്രീദിയുടെ ലഹോർ ഖലന്ദർസ് പരാജയപ്പെടുത്തി. സെമിയിൽ ഇസ്ലാമാബാദ് യുനൈറ്റഡാണ് അവരുടെ എതിരളികൾ. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും സെമി ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പുനരാരംഭിച്ച മെയ് 17നു തന്നെയാണ് പി.എസ്.എല്ലും ആരംഭിച്ചത്. നേരത്തെ, സംഘർഷം കണക്കിലെടുത്ത് ലീഗിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് നീക്കം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ല. ഇതിനിടെ പല വിദേശ താരങ്ങളും ഐ.പി.എല്ലിലേക്ക് മാറിയതും തിരിച്ചടിയായി. മിച്ചൽ ഓവൻ, കുസാൽ മെൻഡിസ് ഉൾപ്പെടെയുള്ള താരങ്ങൾ പി.എസ്.എൽ പാതിയിൽ ഒഴിവാക്കിയാണ് ഐ.പി.എല്ലിൽ കളിക്കാനെത്തിയത്.
ഈമാസം 25നാണ് പി.എസ്.എൽ ഫൈനൽ. പിന്നാലെ ബംഗ്ലാദേശുമായി പാകിസ്താൻ ടീം ട്വന്‍റി20 പരമ്പര കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

