രഞ്ജി സന്നാഹത്തിൽ മുംബൈക്കെതിരെ സെഞ്ച്വറിയടിച്ച് പൃഥ്വി ഷാ; പുറത്തായതിനു പിന്നാലെ മുൻ സഹതാരങ്ങളുമായി മുട്ടൻ വഴക്ക്
text_fieldsപൃഥ്വി ഷാ
മുംബൈ: രഞ്ജിട്രോഫി പുതിയ സീസണിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ മഹാരാഷ്ട്രക്കു വേണ്ടി സെഞ്ച്വറി നേടി പൃഥ്വി ഷാ. മുൻ ടീമായ മുംബൈക്കെതിരെ 181 റൺസാണ് താരം അടിച്ചെടുത്തത്. 140 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ താരം, അർഷിൻ കുൽക്കർണിക്കൊപ്പം 305 റൺസിന്‍റെ കൂട്ടുകെട്ടും പടുത്തുയർത്തി. പുറത്തായതിനു പിന്നാലെ മുൻ ടീമിൽ ഒപ്പം കളിച്ചവരുമായി വാക്കേറ്റമുണ്ടായതോടെ അമ്പയർ ഇടപെട്ടാണ് ഷായെ ഗ്രൗണ്ടിൽനിന്ന് ഡഗൗട്ടിലേക്ക് മടക്കിയത്.
മുഷീർ ഖാനെ പന്തിൽ സ്ലോഗ് സ്വീപിന് ശ്രമിച്ച പൃഥ്വി ഷായെ ഡീപ് ഫൈൻ ലെഗിൽ ഫീൽഡർ കൈകളിലൊതുക്കുകയായിരുന്നു.ഇതിനു പിന്നാലെയാണ് കളിക്കളത്തിൽ നാടകീയ രംഗങ്ങളുണ്ടായത്. ബൗളറുമായി വാക്കേറ്റമുണ്ടാകുകയും പിന്നാലെ മുംബൈ താരങ്ങൾ ചുറ്റും കൂടുകയും ചെയ്തു. അമ്പയർ ഇടപെട്ട് താരത്തെ അനുനയിപ്പിച്ച് പറഞ്ഞയക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 25കാരനായ ഷാ, രണ്ട് മാസം മുമ്പാണ് മുംബൈ വിട്ട് മഹാരാഷ്ട്ര ക്യാമ്പിൽ ചേക്കേറിയത്. പുതിയ ടീമിനൊപ്പം ബുച്ചി ബാബു ടൂർണമെന്‍റിലും താരം സെഞ്ച്വറി നേടിയിരുന്നു.
ജൂണിലാണ് മുംബൈ ടീമിൽനിന്ന് മാറാനുള്ള എൻ.ഒ.സി പൃഥ്വി ഷാക്ക് ലഭിച്ചത്. മഹാരാഷ്ട്ര ടീമിനൊപ്പം ചേർന്നതിനു പിന്നാലെ ക്രിക്കറ്ററെന്ന നിലയിൽ തനിക്ക് ഉയരാനുള്ള അവസരം പുതിയ ടീമിൽ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് താരം പ്രതികരിച്ചിരുന്നു. വർഷങ്ങളായി മുംബൈ ടീം നൽകിയ അവസരങ്ങൾക്ക് ഷാ നന്ദി പറയുകയും ചെയ്തു. കൗമാര പ്രായത്തിൽ തന്നെ ശ്രദ്ധേയ പ്രകടനങ്ങളുമായി കളംനിറഞ്ഞ പൃഥ്വി ഷായെ ഒരുഘട്ടത്തിൽ ഭാവി സചിൻ ടെണ്ടുൽക്കാറായി വിലയിരുത്തിയിരുന്നു. ഇന്ത്യക്കായി അഞ്ച് ടെസ്റ്റിലും ആറ് ഏകദിനത്തിലും ഒരു ടി20യിലും പാഡണിഞ്ഞ താരം, അവസാനമായി 2021ലാണ് രാജ്യത്തിനായി കളത്തിലിറങ്ങിയത്. ഫോം ഔട്ടായതോടെ ഐ.പി.എല്ലിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് തിരിച്ചുവരവിന്‍റെ സൂചന നൽകി ആഭ്യന്തര ക്രിക്കറ്റിൽ തുടർ സെഞ്ച്വറികൾ നേടുന്നത്.
58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 46.02 ശരാശരിയിൽ 4556 റൺസാണ് പൃഥ്വി ഷായുടെ സമ്പാദ്യം. 13 സെഞ്ച്വറിയും 18 അർധ സെഞ്ച്വറിയും നേടിയ താരത്തിന്‍റെ ഉയർന്ന സ്കോർ 379 ആണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ 55.72 ശരാശരിയിൽ 3399 റൺസ് നേടിയിട്ടുണ്ട്. ടി20യിൽ 2902 റൺസാണ് അക്കൗണ്ടിലുള്ളത്. 2025 ഐ.പി.എൽ സീസണിനു മുന്നോടിയായി നടന്ന മെഗാ താരലേലത്തിൽ ഷായെ വാങ്ങാൻ ഒരു ഫ്രാഞ്ചൈസിയും തയാറായില്ല. 2018ലെ അണ്ടർ-19 ലോകകപ്പ് ഷായുടെ നേതൃത്വത്തിലാണ് ഇന്ത്യ സ്വന്തമാക്കിയത്. അത്തവണ ടൂർണമെന്‍റിലെ താരമായത് നിലവിൽ ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മൻ ഗില്ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

