‘കഴിഞ്ഞ സീസണിലെ മികവ് സമ്മർദമായുണ്ട്’- പ്രതീക്ഷ പങ്കുവെച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ
text_fieldsപുതിയ സീസൺ ഐ.പി.എല്ലിന് വേദികളുണരാനിരിക്കെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾക്ക് അതേ മികവിൽ വീണ്ടും കളിക്കുകയെന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. 2008നു ശേഷം ആദ്യമായാണ് കഴിഞ്ഞ വർഷം രാജസ്ഥാൻ ഐ.പി.എൽ കലാശപ്പോര് കളിച്ചത്. ഗുജറാത്ത് ടൈറ്റൻസുമായിട്ടായിരുന്നു മുഖാമുഖം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ 130 റൺസിലൊതുങ്ങിയപ്പോൾ ഏഴുവിക്കറ്റ് ബാക്കിനിർത്തി അനായാസം ചേസ് ചെയ്ത് ഗുജറാത്ത് അരങ്ങേറ്റത്തിൽ കിരീടവുമായി മടങ്ങി. കപ്പു കൈവിട്ടാലും രാജകീയ പരിവേഷത്തോടെ സീസൺ പൂർത്തിയാക്കിയ ടീമിന് ഇത്തവണയും കിരീടത്തിൽ കുറഞ്ഞ മോഹങ്ങളില്ല. പുതിയ ജഴ്സി അനാഛാദനത്തിനിടെ മനസ്സുതുറന്ന സഞ്ജു തന്റെ സ്വപ്നങ്ങൾ പങ്കുവെക്കുന്നു:
‘‘പ്രായം 18ൽ നിൽക്കെയായിരുന്നു ഞാൻ രാജസ്ഥാൻ റോയൽസിലെത്തുന്നത്. ഇപ്പോൾ 28 ആയി. അതൊരു വലിയ പ്രയാണമായിരുന്നു. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു കഴിഞ്ഞ 10 വർഷങ്ങൾ. ഇതെന്റെ ടീമാണ്. രാജസ്ഥാൻ റോയൽസ് പ്രകടന മികവ് തുടരുന്നത് കാണാനാണിഷ്ടം. കഴിഞ്ഞ വർഷത്തെ പ്രകടനം തുടരുകയെന്ന സമ്മർദം തീർച്ചയായും ഉണ്ട്. 2022ൽ കലാശപ്പോരിനെത്തിയത് മൊത്തം ടീം നടത്തിയ സ്വപ്നക്കുതിപ്പിന്റെ കരുത്തിലായിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളെന്ന നിലക്ക് അതേ മികവ് ജനം പ്രതീക്ഷിക്കും. നന്നായി കളിച്ച് സമാനമായി തിളങ്ങുക മാത്രമാണ് മുന്നിലെ വഴി’’- സഞ്ജു പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഓറഞ്ച് തൊപ്പി ജേതാവ് ജോസ് ബട്‍ലറും ഒപ്പം യശസ്വി ജയ്സ്വാളും ചേർന്നായിരുന്നു ടീമിന്റെ കുതിപ്പിലെ പ്രധാന ഘടകങ്ങൾ. ജോ റൂട്ട് കൂടി ടീമിലെത്തുന്നുണ്ട്.
പരിശീലകനായി കുമാർ സംഗക്കാരയുള്ളതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് സഞ്ജു പറയുന്നു. ഇതിഹാസ താരമായ സംഗക്കാരയുടെ അനുഭവ സമ്പത്ത് ഞങ്ങൾക്ക് മെച്ചപ്പെടാൻ അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

