‘എത്രയും വേഗം സുഖം പ്രാപിക്കട്ടെ’; ഋഷഭ് പന്തിനായി ക്രിക്കറ്റ് ലോകം
text_fieldsഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനായി പ്രാർഥനയിലാണ് ക്രിക്കറ്റ് ലോകം. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു.
ന്യൂഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ റൂർക്കിക്ക് സമീപമാണ് അപകടം. കാർ പൂർണമായും കത്തിനശിച്ചു. തലക്കും മുതുകിലും കാലിലും പരിക്കേറ്റ താരം ആശുപത്രിയിൽ ചികിത്സയിലാണ്. താരം എത്രയും വേഗം സുഖം പ്രാപിക്കെട്ട എന്ന് ആശംസിക്കുകയാണ് സഹതാരങ്ങളും മുൻതാരങ്ങളുമെല്ലാം.
‘ഋഷഭ് വളരെ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കാൻ ആശംസിക്കുന്നു! ഋഷഭ് ശ്രദ്ധിക്കുക’ -മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ‘ഋഷഭ് പന്ത് സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. കാർ പൂർണമായി തകർന്നു. കാണാൻ പോലും ഭയാനകം’ -ഇന്ത്യൻ താരം അഭിനവ് മുകുന്ദ് ട്വീറ്റ് ചെയ്തു.
പന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് കുറിച്ചു. ‘ഋഷഭ് പന്തിന് വേണ്ടി പ്രാർഥിക്കുന്നു. അപകടനില തരണം ചെയ്തതിൽ നന്ദിയുണ്ട്. വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ചാമ്പ്യൻ വേഗം സുഖം പ്രാപിക്കൂ’ -വി.വി.എസ്. ലക്ഷ്മണൻ ട്വീറ്റ് ചെയ്തു.
നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ദ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റും. അപകട സമയത്ത് പന്താണ് കാറോടിച്ചിരുന്നതെന്നും താരം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാർ പറഞ്ഞു. ധോണി വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ ടീമിന്‍റെ മൂന്നു ഫോർമാറ്റുകളിലും സ്ഥിരം വിക്കറ്റ് കീപ്പറാണ് പന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

