പാകിസ്താൻ ടീമിന്‍റെ ചാമ്പ്യൻസ് ട്രോഫി തോൽവി പാർലമെന്‍റിലേക്കും; പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യം
text_fieldsഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് ആതിഥേയരായ പാകിസ്താൻ ഒരു ജയം പോലും നേടാനാവാതെയാണ് പുറത്തായത്. 29 വർഷങ്ങൾക്കു ശേഷമാണ് രാജ്യം ഒരു ഐ.സി.സി ടൂർണമെന്‍റിന് വേദിയായത്.
നിറഞ്ഞ പ്രതീക്ഷകളോടെ കളിക്കാനിറങ്ങിയ ടീം ആരാധകരെ നിരാശപ്പെടുത്തി. ഗ്രൂപ്പ് റൗണ്ടിൽ തന്നെ നാണംകെട്ട് പുറത്തായി. ടൂർണമെന്‍റ് തുടങ്ങി അഞ്ചാം ദിനം തന്നെ ടീമിന്‍റെ വിധി നിർണയിക്കപ്പെട്ടു. പാകിസ്താൻ ഉൾപ്പെട്ട ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയും ന്യൂസിലൻഡുമാണ് സെമിയിലെത്തിയത്. ബംഗ്ലാദേശിനെതിരായ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഒരു പോയന്‍റ് പോലും ഇല്ലാതെയാണ് ടീം ടൂർണമെന്‍റ് ഫിനിഷ് ചെയ്തത്.
ടീമിന്‍റെ മോശം പ്രകടനത്തിൽ ആരാധകരും മുൻ താരങ്ങളും ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. ടീം സെലക്ഷനെയും താരങ്ങളുടെ ഭക്ഷണ രീതിയെയും വരെ ഒരുവിഭാഗം ചോദ്യം ചെയ്തു. ഇതിനിടെയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിന്‍റെ മോശം പ്രകടനത്തിൽ പാർലമെന്‍റിൽ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് സംസാരിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല രംഗത്തെത്തിയത്.
ഒരു പാക് മാധ്യമത്തോടു സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ‘പ്രധാനമന്ത്രി ഇത് ഏറ്റെടുക്കണം. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ മന്ത്രിസഭയിലും പാർലമെന്‍റിലും ഉന്നയിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും’ -റാണ സനാവുല്ല പറഞ്ഞു. രാജ്യത്ത് കോളജ്, ജില്ലതലങ്ങളിൽ ക്രിക്കറ്റ് പ്രകടനം ഏറ്റവും മോശം നിലയിലാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെലവാക്കുന്ന പണത്തിന്‍റെ കണക്ക് പൊതുജനത്തിന് അറിയണം. താരങ്ങൾക്കും പി.സി.ബി പ്രതിനിധികൾക്കുമുള്ള ആനുകൂല്യങ്ങളും സൗകര്യങ്ങളും കണ്ടാൽ ഇത് പാകിസ്താൻ തന്നെയാണോ, അല്ല യൂറോപ്യൻ രാജ്യമാണോ എന്നു തോന്നിപ്പോകും. പി.സി.ബിയിലെ ആളുകൾ തോന്നിയതു പോലെ പ്രവർത്തിക്കുകയാണ്. അതാണ് ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ അവസ്ഥക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനോടും ഇന്ത്യയോടും പാകിസ്താൻ തോറ്റിരുന്നു. ടീമിന്‍റെ മോശം പ്രകടനം വിലയിരുത്താൻ പി.സി.ബി അവലോകന യോഗം ചേരുന്നുണ്ട്. ടീമിൻ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ താരങ്ങളായ ബാബർ അസം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ ഉൾപ്പെടെയുള്ള താരങ്ങൾ ടീമിന് പുറത്തുപോകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ടീമിന്‍റെ മുഖ്യ പരിശീലകൻ ആഖിബ് ജാവേദിനെ സ്ഥാനത്തു നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

