ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും?
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.
സെമിയിൽ ന്യൂസിലൻഡിനെ തോൽപിച്ച ഇന്ത്യ ഇതിനകം ഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സെമിയിലെ ആസ്ട്രേലിയ -ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെയാണ് ആതിഥേയർ ഫൈനലിൽ നേരിടുക. ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെയും മികച്ച പ്രകടനം നടത്തിയ സൂപ്പർബാറ്റർ വിരാട് കോഹ്ലി, പേസർ മുഹമ്മദ് ഷമി എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
നേരത്തെ, ഇതേ സ്റ്റേഡിയത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദി എത്തിയിരുന്നു. അന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഒപ്പമുണ്ടായിരുന്നു. ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളും സെമിയും ജയിച്ച ഇന്ത്യ ഇത്തവണ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ മൂന്നു തവണയും ആതിഥേയ രാജ്യമാണ് കിരീടം ചൂടിയത്.
2011ൽ ഇന്ത്യയും 2015ൽ ആസ്ട്രേലിയയും 2019ൽ ഇംഗ്ലണ്ടും. മുൻ താരങ്ങൾ, സെലിബ്രിറ്റികൾ ഉൾപ്പെടെ വലിയൊരു താരനിര തന്നെ ഫൈനൽ കാണാൻ ഗാലറിയിലുണ്ടാകും.

