ബംഗ്ലാദേശിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി പാകിസ്താൻ; ‘പിച്ച് കൊള്ളില്ലെ’ന്ന് പരിശീലകൻ
text_fieldsപാക് ബാറ്റർ സൽമാൻ മിർസ റണ്ണൗട്ടാകുന്നു
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്‍റി20യിൽ പാകിസ്താന് ഏഴുവിക്കറ്റിന്‍റെ നാണംകെട്ട തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ സന്ദർശകർ ഉയർത്തി 111 റൺസിന്‍റെ വിജയലക്ഷ്യം 21 പന്തുകൾ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടന്നു. മത്സരത്തിൽ ആദ്യമ ബാറ്റുചെയ്ത പാകിസ്താൻ അവസാന ഓവറിൽ 110ന് പുറത്തായി. 44 റൺസ് നേടിയ ഫഖർ സമാനാണ് അവരുടെ ടോപ് സ്കോറർ. മുഹമ്മദ് അബ്ബാസ് അഫ്രീദി (22), ഖുശ്ദിൽ ഷാ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
പാക് ബാറ്റിങ് നിരയിൽ മൂന്നുപേർ അനാവശ്യ റണ്ണിന് ശ്രമിച്ച് റൗണ്ണൗട്ടാകുകയായിരുന്നു. ബംഗ്ലാദേശിനായി ടസ്കിൻ അഹ്മദ് മൂന്നും മുസ്തഫിസുർ റഹ്മാൻ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 15.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് ആതിഥേയർ അടിച്ചെടുത്തത്. ഓപണർ പർവേസ് ഹൊസൈൻ നേടിയ അപരാജിത അർധ സെഞ്ച്വറിയാണ് ബംഗ്ലാ ബാറ്റിങ്ങിന് കരുത്തായത്. 56 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. തൗഹിദ് ഹൃദോയ് (36), ജേക്കർ അലി (15*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
തോൽവിക്കു പിന്നാലെ ഷേരെ ബംഗ്ലാ നാഷനൽ സ്റ്റേഡിയത്തിലെ പിച്ചിനെ പഴിച്ച് പാകിസ്താൻ പരിശീലകൻ മൈക് ഹെസ്സൻ രംഗത്തെത്തി. പിച്ച് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതല്ലെന്നും ആർക്കും ബാറ്റുചെയ്യാൻ അനുയോജ്യമല്ലെന്നും മത്സരശേഷം ഹെസ്സൻ പറഞ്ഞു. എട്ടാം ഓവറിൽ പാകിസ്താൻ അഞ്ചിന് 46 എന്ന നിലയിൽ തകർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോച്ചിന്‍റെ പ്രതികരണം. മിക്ക ബാറ്റർമാരും വമ്പൻ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഏതാനും പേർ റണ്ണൗട്ടാകുകയും ചെയ്തതോടെ അവസാന ഓവറിൽ ഓൾഔട്ടായി.
“ഈ പിച്ചിൽ ആർക്കും ബാറ്റ് ചെയ്യാനാകില്ല. ഇത് ബാറ്റിങ്ങിന് അനുയോജ്യമല്ല. ടീമുകൾ ഏഷ്യകപ്പിനും ലോകകപ്പിനും തയാറെടുക്കുന്ന സമയമാണിത്. നിലവാരമില്ലാത്ത ഇത്തരം പിച്ചുകൾ തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. ബാറ്റർമാരുടെ ചില തീരുമാനങ്ങൾ തെറ്റാണെന്നത് യാഥാർഥ്യമാണ്. എന്നാൽ പിച്ചിന് അന്താരാഷ്ട്ര നിലവാരമില്ല. ബാൾ വരുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ പോലും പ്രയാസമാണ്. അപ്രതീക്ഷിതമായാണ് ബൗൺസുകളുണ്ടാകുന്നത്. റിസ്ക് ഷോട്ടുകൾ കളിക്കാൻ ബാറ്റർമാർ പാടുപെട്ടു” -ഹെസ്സൻ പറഞ്ഞു.
എന്നാൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് പാക് പരിശീലകന്‍റെ വാദം തള്ളി രംഗത്തെത്തി. തങ്ങൾക്ക് ഈ പിച്ചിൽ കളിച്ച് നല്ല പരിചയമുള്ളതിനാൽ മത്സരത്തിൽ ആധിപത്യം പുലർത്താനായെന്ന് ബംഗ്ലാ ക്യാപ്റ്റൻ പറഞ്ഞു. ബാറ്റുചെയ്യാൻ അത്ര എളുപ്പമുള്ള പിച്ചല്ല മിർപുരിലേത്. എന്നിരുന്നാലും ഈ മത്സരത്തിൽ നന്നായി ബാറ്റുചെയ്യാൻ ഞങ്ങൾക്കായി. രണ്ടാം ഇന്നിങ്സിൽ പിച്ചിൽ മഞ്ഞുവീണതിനാൽ ബാൾ നേരിടാൻ വലിയ പ്രയാസമുണ്ടായില്ല. എന്നാൽ മത്സരത്തിന്‍റെ തുടക്കത്തിൽ നന്നായി പന്തെറിഞ്ഞ് വിക്കറ്റുകൾ നേടാൻ കഴിഞ്ഞത് ജയത്തിൽ നിർണായകമായെന്നും ലിട്ടൺ ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

