ഇന്ത്യ കൈ തരുന്നില്ലെങ്കിൽ പാകിസ്താനും താൽപര്യമില്ല; ഹസ്തദാന വിവാദം സജീവമാക്കി മുഹ്സിൻ നഖ്‍വി
text_fieldsമുഹ്സിൻ നഖ്‍വി
ഇസ്‍ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ ഹസ്തദാന വിവാദം വീണ്ടും കുത്തിപ്പൊക്കി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പി.സി.ബി അധ്യക്ഷനുമായ മുഹ്സിൻ നഖ്‍വി. ഇന്ത്യക്ക് ഹസ്തദാനത്തിന് താൽപര്യമില്ലെങ്കിൽ പാകിസ്താനും പ്രത്യേക താൽപര്യമില്ലെന്നായിരുന്നു ലാഹോറിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ പാക് ആഭ്യന്തര മന്ത്രികൂടിയായ മുഹ്സിൻ നഖ്‍വിയുടെ പ്രതികരണം.
ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും പാകിസ്താന്റെയും സമീപനമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യക്ക് ഹസ്തദാനത്തിൽ താല്‍പര്യമില്ലെങ്കില്‍ ഞങ്ങൾക്ക് മാത്രമായി പ്രത്യേക ആഗ്രഹമൊന്നുമില്ല. ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നോ അതിന് അനുസരിച്ച നിലപാടായിരിക്കും പാകിസ്താനും സ്വീകരിക്കുക. മുന്നോട്ടും ആ നയം തന്നെ തുടരും. ഇന്ത്യ ഒന്ന് ചെയ്യുമ്പോള്‍ മാറി നില്‍ക്കാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നില്ല’ -മുഹ്സിൻ നഖ്‍വി പറഞ്ഞു.
കളിയിൽ രാഷ്ട്രീയം കലർത്തരുത് എന്നാണ് പാകിസ്താന്റെ ആഗ്രഹമെന്നും, ഏഷ്യാകപ്പ് ക്രിക്കറ്റിന് മുമ്പായി ഇത് വ്യക്തമാക്കികൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രണ്ടു തവണ തന്നെ വിളിച്ചതായും മുഹ്സിൻ നഖ്‍വി പറഞ്ഞു. ക്രിക്കറ്റും രാഷ്ട്രീയവും രണ്ടും രണ്ടായിരിക്കണമെന്നായിരുന്നു ഞങ്ങളുടെ നിലപാട് -അദ്ദേഹം വിശദമാക്കി.
പഹൽഗാം ഭീകരാക്രമണവും, ഇന്ത്യയുടെ സൈനിക നടപടിയായ ഓപറേഷൻ സിന്ദൂറിനും പിന്നാലെയായിരുന്നു ഏഷ്യൻ കപ്പിൽ പാകിസ്താൻ താരങ്ങൾക്ക് കൈ നൽകേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചത്. ഒക്ടോബറിൽ നടന്ന വനിതാ ലോകകപ്പിലും അണ്ടർ 19 ഏഷ്യാകപ്പിലും ഹസ്തദാനമുണായിരുന്നില്ല.
ഏഷ്യാകപ്പ് കിരീടം ചൂടിയ സൂര്യകുമാർ യാദവും സംഘവും ഏഷ്യൻ ക്രിക്കറ്റ് ചെയർമാൻ കൂടിയായ മുഹ്സിൻ നഖ്‍വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാതിരുന്നതും ശേഷം, അദ്ദേഹം ട്രോഫിയുമായി ഗ്രൗണ്ട് വിട്ടതും വലിയ വിവാദമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

