ചാമ്പ്യൻസ് ട്രോഫി വേദിയിൽ എന്തുകൊണ്ട് ഇന്ത്യൻ പതാകയില്ല? വിശദീകരണവുമായി പാക് ക്രിക്കറ്റ് ബോർഡ്
text_fieldsകറാച്ചി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദികളായ കറാച്ചി, ലാഹോർ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ലാത്തതിൽ വിശദീകരണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). കറാച്ചി നാഷനല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെ പതാകയുള്ളപ്പോള്‍ ഇന്ത്യൻ പതാക മാത്രമില്ലെന്ന വാർത്തകൾ വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി പി.സി.ബി രംഗത്തെത്തിയത്.
സ്റ്റേഡിയത്തിൽ മത്സരിക്കുന്ന ടീമുകളുടെയും ആതിഥേയ രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്‍റെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെയും (ഐ.സി.സി) പതാകകളാണ് സ്ഥാപിക്കേണ്ടതെന്നും ഐ.സി.സിയുടെ നിർദേശമാണിതെന്നും പി.സി.ബി വ്യക്തമാക്കി. ‘പാകിസ്താനിലെ മൂന്നു വേദികളിലും ഇന്ത്യയുടെ പതാകയുണ്ടാകില്ല. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബൈയിലാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫി മത്സരദിവസം നാലു പതാകകൾ മാത്രമാണ് സ്റ്റേഡിയത്തിൽ ഉയർത്തുന്നത്. ഐ.സി.സിയുടെയും പി.സി.ബിയുടെയും പിന്നെ മത്സരിക്കുന്ന രണ്ടു ടീമുകളുടെയും, അത്രമാത്രം’ -പി.സി.ബി വക്താവ് പ്രതികരിച്ചു.
ഇന്ത്യൻ നായകൻ രോഹിത് ശർമയുടേതടക്കം ബാനറുകൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും പി.സി.ബി ആരോപിച്ചു. സുരക്ഷാപരമയ കാരണങ്ങളാല്‍ പാകിസ്താനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബൈയിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യൻ പതാക പാകിസ്താനിലെ സ്റ്റേഡിയത്തില്‍ വെക്കാത്തതെന്നാണ് പി.സി.ബി വിശദീകരണം. ഇന്ത്യ ഒഴികെ ബാക്കി ടീമുകൾക്കെല്ലാം പാകിസ്താനിൽ മത്സരങ്ങളുണ്ട്. ബുധനാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് തുടക്കമാകുന്നത്.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താൻ ന്യൂസിലാന്‍ഡിനെ നേരിടും. ഈ രണ്ടു ടീമുകൾക്കും പുറമെ, ഇന്ത്യയും ബംഗ്ലാദേശും ഗ്രൂപ്പ് എയിലാണ്. 20ന് ദുബൈയില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യമത്സരം. 23നാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും. ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാല്‍ മത്സരം ദുബൈയിലാകും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

