ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താൽ കളിക്കാനിറങ്ങില്ലെന്ന് പാക് ടീം; ലോർഡ്‌സ് ടെസ്റ്റിനിടെ ബഹിഷ്കരണ ഭീഷണി, ഇ.സി.ബി ഇടപെട്ടതായി റിപ്പോർട്ട്
text_fieldsലണ്ടൻ: ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. മത്സരത്തിന്റെ ആദ്യ ദിനം ഉച്ചഭക്ഷണ ഇടവേളയിൽ മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതായി റിപ്പോർട്ടുകൾ. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്കൈ സ്പോർട്സ് ഈ അഭിമുഖം പുറത്തുവിട്ടാൽ ടീം മൈതാനത്തിറങ്ങില്ലെന്ന് പാക് ബോർഡ് ഭീഷണി മുഴക്കിയാതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ (ഇ.സി.ബി) സമയോചിതമായ ഇടപെടലിനെ തുടർന്നാണ് മത്സരം സുഗമമായി പുനരാരംഭിക്കാനായത്.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ അതേർട്ടണാണ് ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാൻ, കാസിം എന്നിവരുമായി 18 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം നടത്തിയത്. ഇത് സംപ്രേഷണം ചെയ്യരുതെന്ന് പി.സി.ബി ആവശ്യപ്പെട്ടിരുന്നെങ്കിലും സ്കൈ സ്പോർട്സ് വഴങ്ങിയില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവർ അഭിമുഖം പുറത്തുവിട്ടു. ഇതോടെ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീമിനെ കളത്തിലിറക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് പി.സി.ബി നീങ്ങിയതായി 'ക്രിക് ഇൻഫോ', 'ദ ഗാർഡിയൻ' തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒടുവിൽ ഇ.സി.ബി അധികൃതർ ഇടപെട്ട് അനുനയ ശ്രമങ്ങൾ നടത്തിയതോടെയാണ് ഉച്ചഭക്ഷണത്തിന് ശേഷം പാക് താരങ്ങൾ മൈതാനത്ത് തിരിച്ചെത്തിയത്.
ജയിലിൽ കഴിയുന്ന പിതാവിന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന ഗുരുതരമായ ആരോപണമാണ് മക്കൾ അഭിമുഖത്തിൽ ഉന്നയിച്ചത്. ഇമ്രാൻ ഖാനെ ജയിലിലിട്ട് ഇല്ലാതാക്കാനും അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്താനുമാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് മകൻ കാസിം ആരോപിച്ചു. 2023 ഓഗസ്റ്റ് മുതൽ വിവിധ അഴിമതി കേസുകളിലായി 10, 14, 17 വർഷത്തെ തടവുശിക്ഷകൾ അനുഭവിച്ചു വരികയാണ് ഇമ്രാൻ ഖാൻ. ഇതിന് പുറമെ വിവാഹ സമയവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് വർഷത്തെ ശിക്ഷയും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്.
അതേസമയം, ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ കടുത്ത ആശങ്കയറിയിച്ചും അദ്ദേഹത്തിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ലോകമെമ്പാടുമുള്ള 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് അടുത്തിടെ കത്തയച്ചിരുന്നു. അഭിമുഖം നടത്തിയ മൈക്കൽ അതേർട്ടൺ, മുൻ ഇന്ത്യൻ നായകന്മാരായ കപിൽ ദേവ്, സുനിൽ ഗാവസ്‌കർ തുടങ്ങിയ ഇതിഹാസ താരങ്ങളെല്ലാം ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ 14 മുൻ നായകന്മാർ ഇതേ ആവശ്യവുമായി കത്തയച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്തതിനെ തുടർന്നാണ് കൂടുതൽ താരങ്ങൾ വീണ്ടും രംഗത്തെത്തിയത്. ഇമ്രാൻ ഖാന് കുടുംബാംഗങ്ങളെ സന്ദർശിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

