എലിമിനേറ്ററിൽ ഇന്ന് പാറ്റ് Vs പരാഗ്
text_fieldsപാറ്റ് കമ്മിൻസും റിയാൻ പരാഗും
മുല്ലൻപുർ (പഞ്ചാബ്): തോറ്റാൽ പുറത്ത്, ജയിച്ചാൽ ഫൈനലിലേക്കുള്ള വഴിയിൽ രണ്ടാം ക്വാളിഫയർ യോഗ്യത. ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ മത്സരം സൺറൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാൻ റോയൽസിനും ജീവന്മരണ പോരാട്ടമാവാൻ കാരണമിതാണ്. യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ പാറ്റ് കമ്മിൻസിന്റെയും റിയാൻ പരാഗിന്റെയും സംഘങ്ങൾക്ക് കിരീടമെന്ന വലിയ സ്വപ്നത്തിലേക്ക് മൂന്ന് മത്സരങ്ങളുടെ ദൂരമുണ്ട്. കേളികേട്ട ബാറ്റിങ് നിരയുമായാണ് സൺറൈസേഴ്സും റോയൽസും കളത്തിലുള്ളത്.
ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ്-അഭിഷേക് ശർമ ഓപണിങ് കൂട്ടുകെട്ടും പിന്നാലെ വരുന്ന ഇഷാൻ കിഷനും ആദ്യ ഓവറുകളിൽ തന്നെ റൺസ് അടിച്ചുകൂട്ടാൻ കെൽപ്പുള്ളവരാണ്. 563 റൺസാണ് അഭിഷേക് ഇതുവരെ നേടിയത്. ഇഷാൻ 569ഉം. പിന്നെയെത്തുന്ന ഹെൻറിച് ക്ലാസൻ ഇതിലേറെ അപകടകാരിയാണ്. 600ലധികം റൺസ് അടിച്ചുകൂട്ടി ടോപ് സ്കോററാവാൻ രംഗത്തുള്ളവരിൽ പ്രധാനിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ. പാറ്റ് കമ്മിൻസ് നയിക്കുന്ന പേസ് നിരയിൽ മിന്നുന്ന ഇഷാൻ മലിംഗയും പുതുമുഖങ്ങളായ സാകിബ് ഹുസൈനും പ്രഫുൽ ഹിഞ്ചെയും സൺറൈസേഴ്സിന്റെ ബൗളിങ് കരുത്ത് വിളിച്ചോതുന്നു. നിതീഷ് കുമാർ റെഡ്ഡിയുടെ ഓൾ റൗണ്ട് മികവുകൂടി ചേരുമ്പോൾ ഹൈദാരാബാദ് സെറ്റാണ്.
രാജസ്ഥാനെ സംബന്ധിച്ച് ബാറ്റിങ്ങിൽ 15കാരൻ വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശിയാണ് തുറുപ്പ് ചീട്ട്. വൈഭവ്-യശസ്വി ജയ്‍സ്വാൾ ഓപണിങ് ജോടി തകർപ്പൻ ഫോമിലാണ്. ധ്രുവ് ജുറെലും ക്യാപ്റ്റൻ പരാഗും നിർണായക ഘട്ടങ്ങളിൽ രക്ഷയാവുന്നുണ്ട്.
ജോഫ്ര ആർച്ചറെന്ന അപടകാരിയായ പേസറാണ് ഇവരുടെ മറ്റൊരു കരുത്ത്. ലീഗിലെ അവസാന മത്സരത്തിൽ മുംബൈക്കെതിരെ ആർച്ചറിലെ ഓൾ റൗണ്ടർ ഉണർന്നിരുന്നു. മറ്റു പേസർമാരായ നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, കൗമാര സ്പിന്നർ യാഷ് രാജ് പുഞ്ച എന്നിവരും വിക്കറ്റ് വേട്ടയിൽ മിടുക്കരാണ്. അനുഭവ സമ്പത്തുമായി സ്പിൻ ഓൾ റൗണ്ടർ രവീന്ദ്ര ജദേജയുമുണ്ട്. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളിലും രാജസ്ഥാനെ ഹൈദരാബാദ് തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

