Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൺറൈസേഴ്‌സ് ആരാധകർക്ക്...

സൺറൈസേഴ്‌സ് ആരാധകർക്ക് ആശങ്ക; അടുത്ത സീസണിൽ കമ്മിൻസ് ഉണ്ടാകില്ലെന്ന് സൂചന

text_fields
bookmark_border
സൺറൈസേഴ്‌സ് ആരാധകർക്ക് ആശങ്ക; അടുത്ത സീസണിൽ കമ്മിൻസ് ഉണ്ടാകില്ലെന്ന് സൂചന
cancel

ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിനും ഐ.പി.എൽ ആരാധകർക്കും കനത്ത തിരിച്ചടിയാകുന്ന വാർത്തയുമായി ഓസ്ട്രേലിയൻ ക്യാപ്റ്റനും പ്രമുഖ പേസ് ബൗളറുമായ പാറ്റ് കമ്മിൻസ് രംഗത്ത്. 2027ലെ ഐ.പി.എൽ സീസണിൽ താൻ പൂർണ്ണമായും കളിച്ചേക്കില്ലെന്ന വലിയ സൂചനയാണ് താരം ഇപ്പോൾ നൽകിയിരിക്കുന്നത്. 2026ലെ ഐ.പി.എൽ ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനത്തോടെ ഹൈദരാബാദിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ കമ്മിൻസിന് സാധിച്ചിരുന്നു. എന്നാൽ, അടുത്ത വർഷത്തെ തുടർച്ചയായ അന്താരാഷ്ട്ര മത്സരക്രമങ്ങൾ കാരണം തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനുമായി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കാൻ താൻ നിർബന്ധിതനായേക്കുമെന്നാണ് ഓസീസ് താരം വ്യക്തമാക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ ഫ്രാഞ്ചൈസി പണത്തേക്കാൾ എപ്പോഴും രാജ്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് കമ്മിൻസ് അടിവരയിടുന്നു. ആധുനിക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഓസ്‌ട്രേലിയൻ ടീമിനെ കാത്തിരിക്കുന്ന ഏറ്റവും കഠിനമായ വർഷങ്ങളിലൊന്നാണ് 2027. വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ കടുത്ത ടെസ്റ്റ് പരമ്പരയായ ബോർഡർ-ഗവാസ്കർ ട്രോഫിയാണ് ഇതിൽ പ്രധാനം. അതിന് തൊട്ടുപിന്നാലെ ചിരവൈരികളായ ഇംഗ്ലണ്ടിനെതിരായ ചരിത്രപ്രസിദ്ധമായ 150-ാം വാർഷിക ടെസ്റ്റും, അതിനുശേഷം ഇംഗ്ലണ്ടിൽ വെച്ചുനടക്കുന്ന ആവേശകരമായ ആഷസ് പരമ്പരയും ഓസ്ട്രേലിയയെ കാത്തിരിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ടെസ്റ്റ് മത്സരങ്ങളും ഏകദിന ലോകകപ്പുമാണ് തനിക്ക് എപ്പോഴും പ്രധാനപ്പെട്ടതെന്നും, അടുത്ത വർഷത്തെ തിരക്ക് പരിഗണിക്കുമ്പോൾ ഏതെങ്കിലുമൊക്കെ ഒഴിവാക്കേണ്ടി വരുമെന്നും അത് ഒരിക്കലും അന്താരാഷ്ട്ര മത്സരങ്ങളായിരിക്കില്ലെന്നും കമ്മിൻസ് വ്യക്തമാക്കി.

ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ചയായി അഞ്ച് ടെസ്റ്റുകളിൽ പന്തെറിയുക എന്നത് ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ശാരീരികമായി കടുത്ത വെല്ലുവിളിയാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം കഠിനമായ ആഷസിലേക്ക് കടക്കുന്നതിന് മുൻപ് നിർബന്ധമായും ഒരു വിശ്രമം ആവശ്യമാണെന്ന് കമ്മിൻസ് തുറന്നുപറയുന്നു. ശക്തമായ സൂചനകൾ നൽകിയെങ്കിലും, ഐ.പി.എൽ വാതിൽ കമ്മിൻസ് പൂർണ്ണമായും അടച്ചിട്ടില്ലെന്നത് ഹൈദരാബാദ് ക്യാമ്പിന് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. സൺറൈസേഴ്സ് മാനേജ്മെന്റുമായി കൃത്യമായ ചർച്ചകൾ നടത്തിയ ശേഷം, ടൂർണമെന്റിനോട് അടുപ്പിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് മുൻപ് ചില പരിക്കുകൾ അലട്ടിയിട്ടുള്ളതിനാൽ ഇപ്പോൾ തന്നെ ഒരു കാര്യത്തിലും ഉറപ്പ് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ സ്വന്തം ജോലിഭാരം മാത്രമല്ല, ഓസ്ട്രേലിയയുടെ മൊത്തം പേസ് നിരയുടെ കാര്യത്തിലും ക്യാപ്റ്റന് കൃത്യമായ പ്ലാനുകളുണ്ട്. ടീമിലെ മറ്റ് പ്രധാന ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരുൾപ്പെടുന്ന സഖ്യത്തിന് കൃത്യമായ വിശ്രമം നൽകുന്നതിനെക്കുറിച്ചും കമ്മിൻസ് സൂചിപ്പിച്ചു. ഈ വർഷം അവസാനം ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പര മുതൽ ഈ റൊട്ടേഷൻ പോളിസി നടപ്പിലാക്കിയേക്കാം. ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ബൗളർമാർക്ക് കൂടുതൽ വിശ്രമം നൽകുന്നതിനായി, ചിലപ്പോൾ ഇന്ത്യൻ പരമ്പരയുടെ അവസാന ഘട്ടത്തിൽ കളിക്കാൻ സാധ്യതയില്ലാത്തവർക്ക് വിശ്രമം അനുവദിക്കുന്ന കാര്യം തങ്ങൾ പരിഗണിക്കുമെന്നാണ് കമ്മിൻസ് വ്യക്തമാക്കുന്നത്. ഒരു വശത്ത് കോടിക്കണക്കിന് രൂപയുടെ ഫ്രാഞ്ചൈസി കരാറുകളും മറുവശത്ത് രാജ്യത്തിന് വേണ്ടിയുള്ള കളിയുടെ അഭിമാനവും നിൽക്കുമ്പോൾ, കമ്മിൻസിന്റെ വരാനിരിക്കുന്ന ഈ തീരുമാനം ആധുനിക ക്രിക്കറ്റിലെ മറ്റ് വലിയ താരങ്ങൾക്കും പുതിയൊരു മാതൃകയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pat CumminsSunrisers HydrabadAustraila teamIPL 2026
News Summary - Pat Cummins likely to skip IPL 2027 due to THIS major reason
Next Story