കമ്മിൻസ് കളിച്ചേക്കില്ല! ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി
text_fieldsഈ മാസം 19ന് ആരംഭിക്കുന്നതിന് മുമ്പ് ആസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. അവരുടെ നായകനും ബൗളിങ് കുന്തമുനയുമായ പാറ്റ് കമ്മിൻസ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഉണ്ടാകില്ലെന്നാണ് വരുന്ന റിപ്പോർട്ടുകൾ. പൂർണമായ ഫിറ്റ്നസിൽ താരം ഇതുവരെ എത്തിയിട്ടില്ല. ഇതോടൊപ്പം മറ്റൊരു പേസ് ബൗളിങ് സൂപ്പർതാരമായ ജോഷ് ഹെയ്സൽവുഡും പരിക്കിൽ നിന്നും പൂർണമായും മോചിതനായിട്ടില്ല. ഇതോടെ മൂന്ന് മാറ്റങ്ങളാവും ആസ്ട്രേലിയയുടെ 15 അംഗ സ്കോഡിലുണ്ടാകുക. നേരത്തെ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്തായിരുന്നു.
കമ്മിൻസ് ഇല്ലെങ്കിൽ പുതിയ ക്യാപ്റ്റനെ ആവശ്യം വരുമെന്ന് ആസ്ട്രേലിയൻ പരിശീലകൻ ആൻഡ്ര്യൂ മക്ഡൊണാൾഡ് പറഞ്ഞു. 'പാറ്റ് കമ്മിൻസ് ഒരു തരത്തിലുള്ള ബൗളിങ്ങും ഇതുവരെ പുനരാംരഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവൻ കളിക്കാതിരിക്കാനാണ് ഏറെ സാധ്യതയും. അതിനർത്ഥം ഞങ്ങൾക്ക് പുതിയ നായകനെ ആവശ്യമുണ്ടെന്നാണ്.
കമ്മിൻസിനൊപ്പം ചാമ്പ്യൻസ് ട്രോഫി ടീം സെലക്ട് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്നത് ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരാണ്. നായകസ്ഥാനത്തേക്ക് ഏറ്റവും സാധ്യതയും അവർക്ക് തന്നെയാണ്. ശ്രീലങ്കക്കെതിരെ ഇപ്പോൾ കഴിഞ്ഞ ആദ്യ ടെസ്റ്റ് മത്സരത്തിൽ സ്മിത്ത് ടീമിനെ മികച്ച രീതിയിലാണ് നയിച്ചത്. ഏകദിന കരിയറിലും അദ്ദേഹം മികച്ച ക്യാപ്റ്റൻസി കാഴ്ചവെച്ചിട്ടുണ്ട്.
പാറ്റ് കളിക്കാൻ സാധ്യതകളൊന്നും നിലവിൽ കാണുന്നില്ല. അത് കുറച്ച് നാണക്കേടുമാണ്. ജോഷ് ഹെയ്സൽവുഡും പരിക്കിനെതിരെ പോരാടികൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ മെഡിക്കൽ വിവരങ്ങൾ ലഭിക്കുന്നതാണ്. അതിന് ശേഷം തീരുമാനമെടുത്ത് എല്ലാവരെയും അറിയിക്കുന്നതാണ്,' മക്ഡൊണാൾഡ് പറഞ്ഞു.
ഫെബ്രുവരി 12 വരെയാണ് ടീമുകൾക്ക് അവസാന 15 അംഗ സ്കോഡിൽ തിരുത്തൽ വരുത്താനുള്ള അവസാന തിയ്യതി. മാർഷിനൊപ്പം കമ്മിൻസും ഹെയ്‍സൽവുഡും പുറത്തായാൽ മൂന്ന് താരങ്ങൾക്ക് പകരക്കാരെ ആസ്ട്രേലിയക്ക് കണ്ടത്തേണ്ടതുണ്ട്. അൺക്യാപ്ഡ് ഓൾറൗണ്ടറായ മിച്ച് ഓവനെ മാർഷിന് പകരം കളിപ്പിക്കാൻ മുൻ നായകൻ റിക്കി പോണ്ടിങ് നിർദേശിച്ചു. ഷോൺ അബ്ബോട്ട്, സ്പെൻസർ ജോൺസൺ എന്നിവരായിരിക്കും പേസ് ബൗളർമാർക്ക് പകരമായേക്കുക.
നിലവിലെ ആസ്ട്രേലിയൻ സ്കോഡ്- പാറ്റ് കമ്മിൻസ് ( ക്യാപ്റ്റൻ), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.