ഏഷ്യ കപ്പ് ട്രോഫി കൈമാറില്ലെന്ന് നഖ്‍വി; ഐ.സി.സിയെ സമീപിക്കാൻ ബി.സി.സി.ഐ
text_fieldsമുംബൈ: ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന ബി.സി.സി.ഐ ആവശ്യം നിരാകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വി. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയോടെയാണ് ജേതാക്കളായ ഇന്ത്യക്ക് ട്രോഫി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ നഖ്‍വിക്ക് കത്തെഴുതിയത്.
എന്നാൽ, ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി കൈപ്പറ്റണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‍വി. ഇതിന് വിസമ്മതിച്ച ബി.സി.സി.ഐ വിഷയം വരുന്ന ഐ.സി.സി യോഗത്തിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ സെക്രട്ടറിയും എ.സി.സിയിലെ പ്രതിനിധിയുമായ രാജീവ് ശുക്ല കഴിഞ്ഞയാഴ്ചയാണ് എ.സി.സി പ്രസിഡന്‍റ് നഖ്‍വിക്ക് കത്തെഴുതിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ അംഗ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാൻ ക്രിക്കറ്റ് ബോർഡുകളും കത്ത് നൽകിയിരുന്നു.
ബി.സി.സി.ഐ ദുബൈയിലെത്തി തന്‍റെ കൈയിൽനിന്ന് ട്രോഫി സ്വീകരിക്കണമെന്നാണ് നഖ്‍വി നൽകിയ മറുപടി. നഖ്‍വിയുടെ കൈയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് ബി.സി.സി.ഐയും ആവർത്തിച്ചു. ദുബൈയിലെ എ.സി.സി ആസ്ഥാനത്താണ് നിലവിൽ ഏഷ്യ കപ്പ് ട്രോഫിയുള്ളത്. ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഏഷ്യ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം നഖ്‍വിയിൽനിന്ന് ട്രോഫിയും മെഡലും ഏറ്റുവാങ്ങാൻ വിസമ്മതിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ട്രോഫി ഇന്ത്യക്ക് കൈമാറാതെ അതുമായി നഖ്‍വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി.
പിന്നാലെ കിരീടം ഇല്ലാതെയാണ് ഇന്ത്യൻ ടീം വിജയാഘോഷം നടത്തിയത്. ടൂർണമെന്‍റിൽ മൂന്നു തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ടോസിനുശേഷം ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ ഹസ്തദാനം നടത്തുകയോ, മത്സരശേഷം താരങ്ങൾ കൈകൊടുക്കുകയോ ചെയ്തിരുന്നില്ല. മുൻ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് നിലവിൽ ഐ.സി.സിയുടെ തലപ്പത്ത്. വിഷയം ഐ.സി.സി ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കാനും നഖ്‍വിയെ ഇംപീച്ച് ചെയ്ത് പുറത്താക്കാനുമാണ് ബി.സി.സി.ഐ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

