വിമാനത്താവളത്തിൽ ലഗേജ് ചുമന്ന് പാകിസ്താൻ താരങ്ങൾ; ആസ്ട്രേലിയ ചെയ്തത് അനാദരവെന്ന് വിമർശനം
text_fieldsസിഡ്നി: ആസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരക്കായി വിമാനമിറങ്ങിയ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കിട്ടിയത് മുട്ടൻ ‘പണി’. വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്ക് തിരിക്കുമ്പോൾ കിറ്റുകളും ലഗേജുകളും താരങ്ങൾക്ക് സ്വയം ചുമന്ന് വാഹനത്തിൽ കയറ്റേണ്ടിവന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
ഇത് വളരെ പരിതാപകരമാണെന്നും ഇതാണോ ഒരു ടീമിനെ സ്വീകരിക്കുന്ന രീതിയെന്നും ക്രിക്കറ്റ് ആസ്ട്രേലിയ ചെയ്തത് അനാദരവാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, പാകിസ്താൻ ടീമോ ആസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതരോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ആസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പാകിസ്താന്‍ കളിക്കുന്നത്. ഡിസംബർ 14ന് പെർത്തിലാണ് ആദ്യ മത്സരം. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്താൻ ഇറങ്ങുന്ന ആദ്യ പരമ്പരയാണിത്.
ലോകകപ്പിന് പിന്നാലെ ബാബർ അസം ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതിനാൽ ടെസ്റ്റിൽ ഓപണിങ് ബാറ്റർ ഷാൻ മസൂദിന്റെ നായകത്വത്തിലാണ് ടീം ഇറങ്ങുക. ട്വന്റി 20യിൽ ഷഹീൻ അഫ്രീദിയാണ് ടീമിനെ നയിക്കുക. മുൻ പേസർ വഹാബ് റിയാസിനെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തപ്പോൾ മുൻ താരങ്ങളായ കമ്രാൻ അക്മൽ, ഇഫ്തിഖാർ അൻജൂം, സൽമാൻ ബട്ട് എന്നിവരെ കൺസൽട്ടന്റ് അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ മുഹമ്മദ് ഹഫീസിനെ ക്രിക്കറ്റ് ഡയറക്ടറായും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

