കോഹ്ലിക്കൊപ്പം ചിത്രമെടുക്കണമെന്ന് പാകിസ്താനി ആരാധകൻ, പറ്റില്ലെന്ന് സെക്യൂരിറ്റി; പിന്നീട് സംഭവിച്ചത്...
text_fieldsദുബൈ: ഏഷ്യ കപ്പിനായി ദുബൈയിലെത്തിയിരിക്കുകയാണ് ഇന്ത്യ, പാകിസ്താൻ ഉൾപ്പെടെയുള്ള ടീമുകൾ. എല്ലാ ടീമുകളും ഐ.സി.സി അക്കാദമിയിലാണ് പരിശീലനം. ഇതിനിടയിലാണ് കോഹ്ലിയുടെ കടുത്ത ആരാധകനായ മുഹമ്മദ് ജിബ്രാൻ എന്ന പാകിസ്താൻ പയ്യന്റെ രംഗപ്രവേശനം. തന്റെ എക്കാലത്തെയും ഹീറോയായ കോഹ്ലിക്കൊപ്പം ചിത്രമെടുക്കണമെന്നായിരുന്നു ആഗ്രഹം. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന കോഹ്ലിയുടെ പിന്നാലെ കൂടിയെങ്കിലും സുരക്ഷ ജീവനക്കാർ സമ്മതിച്ചില്ല. എന്നാൽ, ഇത് ശ്രദ്ധയിൽപെട്ട കോഹ്ലി തിരിച്ചെത്തി അവനോടൊത്ത് ചിത്രമെടുക്കുകയായിരുന്നു. അവിടെ നിന്ന മറ്റ് ചിലർക്കും ചിത്രം സമ്മാനിച്ചാണ് കോഹ്ലി മടങ്ങിയത്.
പാകിസ്താൻ ആരാധകനോടുള്ള കോഹ്ലിയുടെ സഹാനുഭൂതി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലോകത്ത് മറ്റൊരു താരത്തിന്റെയും ആരാധകനല്ല താനെന്നും എന്നാൽ, വിരാട് കോഹ്ലിയോടൊപ്പം ചിത്രമെടുക്കാനാണ് ഇവിടെ എത്തിയതെന്നും മുഹമ്മദ് ജിബ്രാൻ പാകിസ്താൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാസങ്ങളായി ഇതിനായുള്ള കാത്തിരിപ്പായിരുന്നു. ഇതുവരെ ഒരു പാകിസ്താൻ താരത്തിനോടൊപ്പം പോലും ചിത്രമെടുത്തിട്ടില്ല. കോഹ്ലി ഉടൻ പഴയ ഫോമിലേക്ക് മടങ്ങിയെത്തട്ടേയെന്നും അവൻ ആശംസിച്ചു.

