‘ഇനി ഒരിക്കലും ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കരുത്, അവർ ക്രിക്കറ്റ് ലോകത്തെ തമാശയായി മാറും’; നടപടി വേണമെന്നും മുൻ താരം
text_fieldsപാക് ക്യാപ്റ്റൻ സൽമാൻ ആഘയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഏഷ്യ കപ്പ് മത്സരത്തിനിടെ
തുടക്കം മുതൽ ഒടുക്കം വരെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഏഷ്യ കപ്പ്. ഹസ്തദാന നിഷേധത്തിൽ തുടങ്ങി എ.സി.സി ചെയർമാനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ തയാറാകാതിരുന്നതു വരെ ഇന്ത്യ സ്വീകരിച്ച നിലപാടുകൾ വലിയ ചർച്ചയാണുയർത്തിയത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികൾ സ്വീകരിച്ച ഇന്ത്യൻ സർക്കാറിന്‍റെ നിലപാടുകൾ കളിക്കളത്തിലും നിഴലിക്കുകയായിരുന്നു. എന്നാൽ കായിക രംഗത്തേക്ക് ഇത്തരം സമീപനം കൊണ്ടുവരുന്നത് സ്പോർട്സ്മാൻ സ്പിരിറ്റിന് യോജിക്കുന്നതല്ലെന്ന വിമർശനം ശക്തമാണ്. ഏറ്റവുമൊടുവിൽ ഇന്ത്യയുമായുള്ള എല്ലാ മത്സരങ്ങളിൽനിന്നും പാകിസ്താൻ വിട്ടുനിൽക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം കമ്രാൻ അക്മൽ.
“ഗുരുതര അച്ചടക്ക ലംഘനങ്ങളും പാകിസ്താൻ ടീമിനെ അപമാനിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടും പി.സി.ബി എന്തുകൊണ്ടാണ് ഇന്ത്യക്കെതിരെ പ്രതികരിക്കാത്തത്? ഇനി ഒരിക്കലും ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന് അപ്പോൾ തന്നെ പറയണമായിരുന്നു. ഐ.സി.സി എന്ത് നടപടി എടുക്കുമെന്ന് നോക്കാം. ബി.സി.സി.ഐ മുൻ ഭാരവാഹി കൂടിയായ ജയ് ഷാ എന്തെങ്കിലും നടപടി ഇന്ത്യക്കെതിരെ എടുക്കുമെന്ന് കരുതുന്നുണ്ടോ. ഈ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ മറ്റ് ക്രിക്കറ്റ് ബോർഡുകൾ ഒന്നിക്കണം. ഇത്തരമൊരു പെരുമാറ്റം മുമ്പ് ക്രിക്കറ്റിൽ കണ്ടിട്ടില്ലെന്ന് പറയണം. ഇതിനായി പി.സി.ബി ഇടപെടൽ നടത്തണം. മറ്റ് ബോർഡുകളും ഇതിനൊപ്പം ചേർന്ന് ക്രിക്കറ്റിൽ ഇത്തരം സമീപനം കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കണം. ആരുടെയും വീട്ടിലല്ല മത്സരങ്ങൾ നടത്തുന്നത്. മറ്റുള്ളവർ കളിക്കുന്നില്ലെങ്കിൽ പണം ലഭിക്കാൻ പോകുന്നില്ല.
ബി.സി.സി.ഐയെ എത്രവേഗം നിയന്ത്രിക്കാൻ കഴിയുമോ അത്രയും എല്ലാവർക്കും നല്ലതാണ്. പാകിസ്താനും ഇന്ത്യയും ഇല്ലാതെ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവരുടെ ഒരു നിഷ്പക്ഷ സമിതി രൂപവത്കരിക്കണം. ഈ ടൂർണമെന്റിൽ സംഭവിച്ച കാര്യങ്ങളിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അവർ തീരുമാനിക്കട്ടെ. വിലകുറഞ്ഞ കോമാളിത്തരങ്ങൾ ഇന്ത്യയിൽനിന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കും. ഈ ടൂർണമെന്റിൽ അവർ ക്രിക്കറ്റിന് കഴിയുന്നത്ര നാശം വരുത്തി. പി.സി.ബിയും എ.സി.സി പ്രസിഡന്റും ശരിയായ നിലപാട് സ്വീകരിച്ചു. ട്രോഫി സ്വീകരിക്കണോ വേണ്ടയോ എന്ന് ജേതാക്കൾക്ക് തീരുമാനിക്കാം എന്നാൽ അത് പ്രസിഡന്റ് മാത്രമേ നൽകൂ. ഇന്ത്യ ക്രിക്കറ്റ് ലോകത്തെ തമാശയായി മാറും” -അക്മൽ പറഞ്ഞു.
അതേസമയം ഏഷ്യ കപ്പിനു പിന്നാലെ വരുന്ന ഞായറാഴ്ച ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ വേദി വനിതാ ഏകദിന ലോകകപ്പാണ്. ഇന്ത്യയിൽ കാലുകുത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനാൽ അവരുടെ മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദിയാകുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ മത്സരം. ഏഷ്യ കപ്പിലെ വിവാദങ്ങൾക്കു പിന്നാലെ നടക്കുന്ന ടൂർണമെന്‍റിൽ സമാന നിലപാടു തന്നെയാകും ഇന്ത്യ ഇവിടെയും സ്വീകരിക്കുകയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഐ.സി.സി ടൂർണമെന്‍റായതിനാൽ പതിവായി തുടർന്നുപോരുന്ന ഹസ്തദാനമുൾപ്പെടെയുള്ള പ്രോട്ടോകാളുകൾ എല്ലാ മത്സരത്തിലും പിന്തുടരേണ്ടതായി വന്നേക്കാം. ടോസിനെത്തുമ്പോൾ ക്യാപ്റ്റന്മാരും മത്സരശേഷം എല്ലാ താരങ്ങളും കൈകൊടുത്തു പിരിയുന്നതാണ് പതിവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഹർമൻപ്രീത് കൗറിനും സംഘത്തിനും പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഐ.സി.സി ഇവന്‍റായതിനാൽ അന്തിമ നിമിഷങ്ങളിലാകും പ്രോട്ടോകാൾ സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

