‘ഹൈബ്രിഡ് മോഡലിന് സമ്മതിച്ചിട്ട് ഇപ്പോൾ എന്തിന് ബഹിഷ്കരണ ഭീഷണി?’; പാകിസ്താന്റെ നീക്കം അസംബന്ധമെന്ന് മുൻതാരം
text_fieldsകൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ ഇന്ത്യയുടെ മുൻതാരം ഇർഫാൻ പഠാൻ രംഗത്ത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഐ.സി.സിക്കെതിരെ പാകിസ്താൻ ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ആവശ്യപ്പെട്ടാൽ ടൂർണമെന്റിൽനിന്ന് പിന്മാറുമെന്നാണ് പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പറയുന്നത്.
“ഇത് തികച്ചും അസംബന്ധമാണ്. നിങ്ങൾ നേരത്തെ തന്നെ ഹൈബ്രിഡ് മോഡലിനും ശ്രീലങ്കയിൽ കളിക്കാനും സമ്മതിച്ചതാണ്. പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കുന്നത്?” -പഠാൻ ചോദിച്ചു. പാകിസ്താൻ ടീം ഇന്ത്യയിൽ കളിക്കുന്നില്ലെന്നും ഹൈബ്രിഡ് മോഡലിൽ അവരുടെ മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നേരത്തെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ബംഗ്ലാദേശിനെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്ന് നീക്കിയതിനെത്തുടർന്ന്, തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷാ ഭീഷണികൾ ഒന്നുമില്ലെന്ന് കണ്ടെത്തിയ ഐ.സി.സി, ഈ ആവശ്യം നിരസിക്കുകയും ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു.
പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പൂർണമായി പിന്മാറില്ലെന്നും എന്നാൽ ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രൂപ്പ് എയിൽ ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യു.എസ്.എ എന്നിവർക്കൊപ്പമാണ് പാകിസ്താൻ ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7ന് നെതർലൻഡ്‌സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.
ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രിയുമായി പി.സി.ബി ചർച്ചകൾ നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

