ഇന്ത്യയുടെ ഏഷ്യാ കപ്പുമായി ‘മുങ്ങിയ’ മുഹ്സിൻ നഖ്‍വിക്ക് സ്വർണമെഡൽ സമ്മാനിച്ച് പാകിസ്താന്റെ ആദരവ്
text_fieldsമുഹ്സിൻ നഖ്‍വി ഏഷ്യാ കപ്പ് ഫൈനലിനിടെ
ഇസ്‍ലാമാബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിനു പിന്നാലെ കളത്തിലെ നാടകീയ രംഗങ്ങൾക്ക് നേതൃത്വം നൽകി ചാമ്പ്യന്മാരായ ഇന്ത്യക്ക് അവകാശപ്പെട്ട കിരീടവുമായി മുങ്ങിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‍വിക്ക് സ്വർണമെഡൽ സമ്മാനിച്ച് പാകിസ്താന്റെ ആദരവ്.
ഏഷ്യൻ കപ്പ് ഫൈനലിൽ പാകിസ്താന്റെ അഭിമാനമുയർത്തികൊണ്ട് ധൈര്യ സമേതം നിലപാട് സ്വീകരിച്ചുവെന്ന് സൂചിപ്പിച്ചാണ് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡലിന് പി.സി.ബി പ്രസിഡന്റ് കൂടിയായ മുഹ്സിൻ നഖ്‍വിയെ തെരഞ്ഞെടുത്തത്.
ഫൈനലിലെ നാടകീയ രംഗങ്ങളിൽ ചാമ്പ്യന്മാരായ ഇന്ത്യക്ക് ട്രോഫി നിഷേധിക്കുന്നതിലൂടെ അദ്ദേഹം തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ചുവെന്നാണ് അവാർഡ് നിർണയ സമിതിയുടെ കണ്ടെത്തൽ.
കലാശപോരാട്ടത്തിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപറേഷൻ സിന്ദൂർ സൈനിക നടപടിയുടെയും പശ്ചാത്തലത്തിൽ പാകിസ്താൻ ആഭ്യന്തര മന്ത്രിയായ എ.സി.സി പ്രസിഡന്റിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് ഗ്രൗണ്ടിൽ നിന്നും മടങ്ങിയ നഖ്‍വി ട്രോഫിയും ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി. ഇതോടെ കപ്പില്ലാതെ പ്രതീകാത്മകമായിരുന്നു സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വിജയാഘോഷം.
കളിയവസാനിച്ചിട്ടും തീരാത്ത വലിയ വിവാദങ്ങൾക്കായിരുന്നു പിന്നീട് തുടക്കം കുറിച്ചത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ മറ്റു ഭാരവാഹികളിൽ നിന്നും ട്രോഫി വാങ്ങാമെന്ന് ബി.സി.സി.ഐ അറിയിച്ചുവെങ്കിലും നഖ്‍വി വഴങ്ങിയില്ല. ഇതേ തുടർന്ന് ബി.സി.സി.ഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനും ഐ.സി.സിക്കും പരാതി നൽകിയിരുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ ക്രിക്കറ്റ് ശീതയുദ്ധത്തിനുള്ള തുടക്കമായി ദുബൈയിലെ നാടകീയ സംഭവങ്ങൾ മാറി.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, ബി.സി.സി.ഐയോട് ഒരിക്കലും ക്ഷമാപണം നടത്തുകയുമില്ലെന്നായിരുന്നു നഖ്‍വി ഏറ്റവും ഒടുവിൽ പ്രതികരിച്ചത്.
‘എ.സി.സി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയ്യാറായിരുന്നുവെന്നും ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എ.സി.സി ഓഫീസിൽ വന്ന് തന്റെ കൈയിൽ നിന്ന് ഇന്ത്യൻടീമിന് ട്രോഫി വാങ്ങാമെന്നാണ് നഖ്‍വി ആവർത്തിക്കുന്നത്.
ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റിനിടയിൽ മുഹ്സിൻ നഖ്‍വി വിവാദ നായകനായെങ്കിലും പാക് മണ്ണിൽ ഹീറോ ആയി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി. ഇന്ത്യക്കെതിരായ
പാകിസ്താനിലെ രാഷ്ട്രീയ, കായിക മേഖലകളിൽ നഖ്‍വിയുടെ നിലപാട് മികച്ച സ്വീകാര്യത നേടിയെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് രാജ്യത്തിന്റെ അന്തസ്സും, പരമാധികാരവും അഭിമാനവും ഉയർത്തിപ്പിടുക്കുന്നവർക്കുള്ള ആദരവായി സമ്മാനിക്കുന്ന സുൽഫിഖർ അലി ഭൂട്ടോ ഗോൾഡ് മെഡലിന് മുഹ്സിൻ നഖ്‍വിയെ തെരഞ്ഞെടുത്തത്.
കറാച്ചിയിൽ നടക്കുന്ന ചടങ്ങിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

