ചാമ്പ്യൻസ് ട്രോഫിയിൽ ജയിച്ചില്ലെങ്കിലും പാകിസ്താന് കോടികൾ പ്രൈസ് മണി; കിട്ടുന്ന തുക അറിയാം...
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന്‍റെ ആതിഥേയരായ പാകിസ്താന് അവസാന ഗ്രൂപ്പ് മത്സരത്തിലെങ്കിലും ജയിക്കാമെന്ന മോഹം മഴയിൽ മുങ്ങിയതോടെ, സ്വന്തം നാട്ടുകാർക്ക് മുമ്പിൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥയിലാണ് താരങ്ങൾ. ആദ്യ രണ്ട് മത്സരങ്ങളിൽ ന്യൂസിലൻഡ്, ഇന്ത്യ ടീമുകളോട് തോറ്റ പാകിസ്താൻ അഴസാന മത്സരത്തിൽ ബംഗ്ലാദേശുമായി പോയിന്‍റ് പങ്കിട്ടു. നെറ്റ് റൺറേറ്റ് കുത്തനെ താഴ്ന്നതോടെ ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ് പാകിസ്താൻ ഫിനിഷ് ചെയ്തത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റ് അവസാനിക്കുമ്പോൾ പാകിസ്താൻ ഏഴാമതോ എട്ടാമതോ ആകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
ടൂർണമെന്‍റിൽനിന്ന് പുറത്തായെങ്കിലും പാകിസ്താൻ ടീമിന് മോശമില്ലാത്ത തുക പ്രൈസ് മണിയായി ലഭിക്കും. ഈ മാസമാദ്യം ഐ.സി.സി ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. കിരീടവുമായി മടങ്ങുന്നവർക്ക് 22.4 ലക്ഷം ഡോളർ (19.45 കോടി രൂപ) ആണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 11.2 ലക്ഷം ഡോളർ (9.72 കോടി രൂപ) ലഭിക്കും. സെമിയിലെത്തിയ മറ്റു രണ്ടു ടീമുകൾക്ക് 560,000 ഡോളറും (4.86 കോടി രൂപ) നൽകും. ഗ്രൂപ് ഘട്ടത്തിൽ ഓരോ മത്സരവിജയിക്കും 34,000 ഡോളർ (29.5 ലക്ഷം രൂപ) ലഭിക്കും.
അഞ്ചാമതും ആറാമതുമെത്തുന്ന ടീമുകൾക്ക് മൂന്നരലക്ഷം ഡോളറും (3.04 കോടി രൂപ) ഏഴും എട്ടും സ്ഥാനക്കാർക്ക് 140,000 ഡോളറും (1.22 കോടി) ലഭിക്കും. ഇതിനു പുറമെ ടൂർണമെന്‍റിൽ മത്സരിക്കുന്ന ഓരോ ടീമിനും 125,000 ഡോളറും (1.09 കോടി രൂപ) ലഭിക്കും. ഇതോടെ പാകിസ്താന് ലബിക്കുന്ന ആകെ സമ്മാനത്തുക 265,000 ഡോളറാകും (14,000 + 125,000). ഇത് ഇന്ത്യൻ രൂപ ഏകദേശം 2.31 കോടിയാകും.
ചാമ്പ്യൻസ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ നാണക്കേടിന്‍റെ റെക്കോഡോടെയാണ് ടൂർണമെന്‍റിൽനിന്ന് പടിയിറങ്ങുന്നത്. ടൂർണമെന്‍റ് ചരിത്രത്തിൽ ആദ്യമായാണ് ഡിഷന്‍റിങ് ചാമ്പ്യന്മാർ ഇത്രയും മോശം പ്രകടനവുമായി പുറത്താകുന്നത്. 2013ൽ ഒറ്റ പോയിന്‍റുമായി പുറത്തായ ആസ്ട്രേലിയയുടെ റെക്കോഡാണ് പാകിസ്താൻ മറികടന്നത്. അന്ന് ഓസീസിന്‍റെ നെറ്റ് റൺറേറ്റ് -0.680 ആയിരുന്നു. ഇത്തവണ പാകിസ്താന്‍റേത് -1.087 ആണ്. വലിയ പ്രതീക്ഷയോടെയാണ് ടൂർണമെന്‍റിന് എത്തിയതെന്നും എന്നാൽ നിരാശയായിരുന്നു ഫലമെന്നും പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

