Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹിഷ്കരണ ഭീഷണിക്കിടെ ലങ്കയിൽ ലാൻഡ് ചെയ്ത് പാകിസ്താൻ ടീം; ഇന്ത്യക്കെതിരെ മത്സരിക്കുമോ?

text_fields
bookmark_border
ബഹിഷ്കരണ ഭീഷണിക്കിടെ ലങ്കയിൽ ലാൻഡ് ചെയ്ത് പാകിസ്താൻ ടീം; ഇന്ത്യക്കെതിരെ മത്സരിക്കുമോ?
cancel
camera_altപാകിസ്താൻ ടീം കൊളംബോയിൽ എത്തിയപ്പോൾ

കൊളംബോ: ശനിയാഴ്ച ആരംഭിക്കുന്ന ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരണ വിവാദം ശക്തമാകുന്നതിനിടെ പാകിസ്താൻ ടീം ശ്രീലങ്കയിലെത്തി. ഗ്രൂപ്പ് എയിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്താന്റെ നീക്കത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാക് ടീം കൊളംബോയിൽ വിമാനമിറങ്ങിയത്. ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം ശ്രീലങ്കയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) പുറത്തുവിട്ടു.

ഫെബ്രുവരി 15ന് കൊളംബോയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ മത്സരത്തിൽനിന്ന് വിട്ടുനിൽക്കാൻ പാക് സർക്കാർ ടീമിന് നിർദേശം നൽകിയിട്ടുണ്ട്. ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ പാകിസ്താൻ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്നാണ് നിലവിലെ നിലപാട്. ഇന്ത്യയുമായുള്ള മത്സരത്തിന്റെ കാര്യത്തിൽ സർക്കാറും ക്രിക്കറ്റ് ബോർഡും കൈക്കൊള്ളുന്ന ഏത് തീരുമാനത്തോടും കളിക്കാർ പൂർണമായും യോജിക്കുമെന്ന് ക്യാപ്റ്റൻ സൽമാൻ അലി ആഗ വ്യക്തമാക്കി.

ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വഴി മാത്രം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐ.സി.സി. പി.സി.ബി ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ട്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ വലിയ പിഴയും വിലക്കും ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാകിസ്താൻ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏകദേശം 316 കോടി രൂപയുടെ നഷ്ടം ഐ.സി.സിക്ക് ഇതുവഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നേരത്തെ ഐ.പി.എല്ലിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ നീക്കിയതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതോടെ തങ്ങളുടെ മത്സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും ഐ.സി.സി നിരസിച്ചു. പിന്നാലെ ബംഗ്ലാദേശ് ടൂർണമെന്‍റിൽനിന്ന് പിന്മാറി. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യയുമായുള്ള മത്സരം പാകിസ്താൻ ബഹിഷ്കരിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ കായികരംഗത്തുണ്ടായ തർക്കം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വിവാദത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan Squad | Sri Lanka | ICC T20 World Cup 2026 | IND vs PAK
Next Story