ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പാകിസ്താൻ; ഏഷ്യാ കപ്പ് കിരീട നേട്ടം ഇന്ത്യക്ക് തുണയായില്ല!
text_fieldsദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽനിന്ന് ഫൈനൽ കാണാതെ പുറത്തായിട്ടും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പാകിസ്താൻ. ആസ്ട്രേലിയയെ മറികടന്നാണ് വീണ്ടും പാക് ടീം ഒന്നിലെത്തിയത്.
എട്ടാം തവണയും ഏഷ്യാ കപ്പ് കിരീടം നേടിയിട്ടും ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമായതാണ് ഓസീസിന് തിരിച്ചടിയായത്. പമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ, ബാക്കിയുള്ള മൂന്നു മത്സരങ്ങളും ആതിഥേയർക്ക് മുന്നിൽ അടിയറവെക്കുകയായിരുന്നു.
ഒന്നാമതുള്ള പാകിസ്താന് 115 റേറ്റിങ്ങാണ്. ഇന്ത്യക്കും 115 റേറ്റിങ് ഉണ്ടെങ്കിലും രണ്ടാമതാണ്. 113 റേറ്റിങ്ങുമായി ഓസീസാണ് മൂന്നാമത്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് തോൽവി പിണഞ്ഞതാണ് ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് തടസ്സമായത്. അതേസമയം, ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്കും ഓസീസിനും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള സുവർണാവസരമുണ്ട്.
സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന പരമ്പര നേടാനായാൽ രോഹിത്തിനും സംഘത്തിനും റാങ്കിങ്ങിൽ ഒന്നാമതെത്താം. പരമ്പരയിലെ ആദ്യ മത്സരം ജയിച്ചാലും ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാം. അങ്ങനെയെങ്കിൽ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം നമ്പറിൽ ഇന്ത്യയാകും. നിലവിൽ ടെസ്റ്റിലും ട്വന്‍റി20യിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്.
എന്നാൽ, പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ചാൽ ഓസീസിന് ഒന്നാം റാങ്ക് തിരിച്ചുപിടിക്കാനാകും. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.