പാക് ഓപണറുടെ എ.കെ 47 ‘ഗൺ ഫയറിങ്’ ആഘോഷം; ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്ന നടപടിയെന്ന് ആരാധകർ
text_fieldsപാകിസ്താൻ ഓപണർ സഹിബ്സാദ ഫർഹാന്റെ ഗൺ ഫയറിങ് ആഘോഷം
ദുബൈ: അടി മുടി വിവാദവും, വാശിയും പിരിമുറുക്കവും നിറഞ്ഞ മത്സരത്തെ വീണ്ടും വിവാദത്തിലേക്ക് നയിച്ച് പാകിസ്താൻ താരത്തിന്റെ ആഘോഷം.
ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടിയ സൂപ്പർ ഫോറിലായിരുന്നു പാകിസ്താൻ ഓപണർ സാഹിബ്സാദ ഫർഹാന്റെ ‘ഗൺ ഫയറിങ്’ ആഘോഷം നടന്നത്. ഇന്ത്യക്കെതിരെ ആദ്യം ബാറ്റുചെയ്ത പാകിസ്താന്റെ ഇന്നിങ്സ് ഓപൺ ചെയ്ത താരം അർധസെഞ്ച്വറി തികച്ചതിനു പിന്നാലെ ഗാലറിയിലേക്ക് വെടിയുതിർക്കുന്ന ആക്ഷനിൽ ബാറ്റിനെ തോക്കാക്കിമാറ്റികൊണ്ട് ആഘോഷിക്കുകയായിരുന്നു.
മുമ്പും ‘ഗൺ ഫയറിങ്’ ആഘോഷങ്ങൾ കളത്തിൽ നടത്തിയ സാഹിബ്സാദയുടെ ഇത്തവണത്തെ നടപടി പക്ഷേ വിവാദമായി. പഹൽഗാമിലെ ഭീകരാക്രമണവും, തുടർന്ന് ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ സൈനിക നടപടിയും ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പാക് താരത്തിന്റെ പ്രകോപനപരമായ ആഘോഷമെന്നത് ചൂടുപിടിപ്പിച്ചു. പത്താം ഓവർ എറിഞ്ഞ അക്സർ പട്ടേലിനെ സിക്സർ പറത്തിയായിരുന്നു ഫർഹാൻ പാക് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ അർധ സെഞ്ച്വറി ഇന്നിങ്സ് പടത്തുയർത്തിയത്. 45 പന്തിൽ 58 റൺസുമായി നാലാമനായാണ് പുറത്തായത്. മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും നിറഞ്ഞതായിരുന്നു ഇന്നിങ്സ്.
രാജ്യങ്ങൾക്കിടയിലെ സംഘർഷവും, ക്രിക്കറ്റ് മൈതാനിയിലെ ഹസ്തദാന വിവാദവും വാശിയുമെല്ലാം സജീവമായി നിലനിൽക്കെയുള്ള പ്രകോപനപരമായ ആഘോഷം സാമൂഹിക മാധ്യമങ്ങളിലും തീപിടിപ്പിച്ചു. ‘എക്സ്’ പ്ലാറ്റ്ഫോമിലും ഫേസ്ബുക്കിലും ഉൾപ്പെടെ താരത്തിന്റെ നടപടിയെ വിമർശിച്ച് ആരാധകർ രംഗത്തെത്തി. ബി.സി.സി.ഐക്കും ഇന്ത്യൻ സർക്കാറിനും നാണക്കേട്, സൈന്യത്തെ അപമാനിക്കാൻ അവസരം നൽകിയ ബി.സി.സി.ഐ നാണക്കേട് തുടങ്ങിയ കുറിപ്പുകളോടെയാണ് ആരാധകർ പ്രതികരിച്ചത്.
സ്പോർട്സിനെ രാഷ്ട്രീയവുമായി കൂട്ടികലർത്തരുതെന്നും, ഇന്ത്യ വിമാനത്തെയോ, ആരാധകരെയെ വെടിവെച്ചിടുന്ന പോലെ താരത്തിന്റെ ആക്ഷൻ തോന്നിപ്പിച്ചെന്നും ചിലർ കുറിച്ചു.
അതേസമയം, പാകിസ്താൻ നിരയിൽ ഏഴുവർഷമായി നിത്യസാന്നിധ്യമായി മാറിയ സാഹിബ്സാദ ഫർഹാൻ ഇതിനു മുമ്പും ഇത്തരത്തിൽ ആഘോഷം നടത്തിയിരുന്നതായും, ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തരുതെന്ന വിശദീകരണവുമായും ചിലർ രംഗത്തുണ്ട്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റുകളോ താരങ്ങളോ പ്രതികരിച്ചിട്ടില്ല.
പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്ത മത്സരത്തിൽ ഇന്ത്യ ഏഴു പന്തും ആറ് വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ഓപണർമാരായ അഭിഷേക് ശർമയും (74), ശുഭ്മാൻ ഗില്ലും (47) ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തിന് അടിത്തറ പാകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

