‘ബി.സി.സി.ഐയോട് ക്ഷമാപണം നടത്തിയിട്ടില്ല, നടത്തുകയുമില്ല,’ ട്രോഫിക്ക് നിബന്ധനയെന്നും മൊഹ്സിൻ നഖ്‍വി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബി.സി.സി.ഐ) മാപ്പ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ തള്ളി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്‌വി. ഇന്ത്യൻ മാധ്യമങ്ങൾ ‘കെട്ടിച്ചമച്ച അസംബന്ധം’ പ്രചരിപ്പിക്കുകയാണെന്ന് നഖ്‌വി പറഞ്ഞു.
‘ഇന്ത്യൻ മാധ്യമങ്ങൾ വസ്തുതകളെയല്ല, നുണകളെയാണ് ഇഷ്ടപ്പെടുന്നത്. ഒരു കാര്യം വ്യക്തമാക്കട്ടെ: ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ബി.സി.സി.ഐയോട് ഞാൻ ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ പ്രചാരണമാണ് ഈ കെട്ടിച്ചമച്ച അസംബന്ധം. നിർഭാഗ്യവശാൽ, ഇന്ത്യ രാഷ്ട്രീയത്തെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് തുടരുന്നു. ഇത് കളിയുടെ ആത്മാവിനെ തന്നെ തകർക്കുന്നു,’ -നഖ്‌വി എക്‌സിൽ കുറിച്ചു.
ദുബൈയിൽ ഫൈനൽ നടക്കുന്ന രാത്രിയിൽ സമ്മാനദാന ചടങ്ങ് നടത്താൻ താൻ തയ്യാറായിരുന്നുവെന്ന് നഖ്‌വി വ്യക്തമാക്കി. ‘എ.സി.സി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയ്യാറായിരുന്നു, ഇപ്പോഴും തയ്യാറാണ്. അവർക്ക് അത് ശരിക്കും വേണമെങ്കിൽ, എ.സി.സി ഓഫീസിൽ വന്ന് എന്നിൽ നിന്ന് അത് വാങ്ങാൻ സ്വാഗതം,’-നഖ്‍വി കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്‌വിയില്‍ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ, എ.സി.സിയെ അറിയിച്ചിരുന്നു. നഖ്‌വിയല്ലാതെ മറ്റാര് കിരീടം തന്നാലും സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിരുന്നു. എന്നാൽ ഇത് എ.സി.സി അംഗീകരിച്ചില്ല. പിന്നാലെ, പാകിസ്താന് റണ്ണറപ്പിനുള്ള പുരസ്‌കാരവും മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങളും നല്‍കിയതോടെ ചടങ്ങ് അവസാനിച്ചതായി അറിയിക്കുകയായിരുന്നു. തുടർന്ന്, കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്‌വിയും പ്രതിനിധിയും സ്റ്റേഡിയം വിടുകയും ചെയ്തു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മക വിജയാഘോഷം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

