Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകളിയല്ലേ, കൈ തന്നാൽ...

കളിയല്ലേ, കൈ തന്നാൽ എന്താണ്? ഇന്ത്യയുടെ സമീപനം നിരാശപ്പെടുത്തിയെന്ന് പാക് ക്രിക്കറ്റ് ടീം

text_fields
bookmark_border
കളിയല്ലേ, കൈ തന്നാൽ എന്താണ്? ഇന്ത്യയുടെ സമീപനം നിരാശപ്പെടുത്തിയെന്ന് പാക് ക്രിക്കറ്റ് ടീം
cancel

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻറെ ഭാഗത്തുനിന്നുണ്ടായ അവഗണനക്കെതിരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ പ്രതിഷേധമറിയിച്ച് പാക്കിസ്താൻ. ഞായറാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ നടന്ന മത്സരത്തിൽ ടോസിട്ട് മടങ്ങുന്നതിന് മുന്നോടിയായി പാക് കാപ്റ്റൻ സൽമാൻ അലി ആഗക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ കാപ്റ്റൻ സൂര്യകുമാർ യാദവ് നടന്നകന്നതാണ് പാക്കിസ്താനെ ചൊടിപ്പിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് കളിക്ക് ശേഷം നടത്തുന്ന വാർത്തസ​മ്മേളനം പാക് കാപ്റ്റൻ ബഹിഷ്‍കരിച്ചിരുന്നു. എന്നാൽ, ജീവിതത്തിലെ ചില കാര്യങ്ങൾ കായികാവേശത്തിന് അപ്പുറമാ​ണെന്ന് ഇന്ത്യൻ കാപ്റ്റൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മത്സരത്തിൽ ഏഴുവിക്കറ്റിന് പാക്കിസ്താൻ ഇന്ത്യയോട് അടിയറവ് പറഞ്ഞിരുന്നു.

‘ഹസ്തദാനം നിരസിച്ച ഇന്ത്യൻ താരങ്ങളുടെ സമീപനത്തിൽ ടീം മാനേജർ നവീദ് ചീമ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് കളിയുടെ സൗഹാർദ മൂല്യങ്ങൾക്ക് വിരുദ്ധവും ശത്രുതാപരവുമായിരുന്നു. പ്രതിഷേധ സൂചകമായി ഞങ്ങൾ ക്യാപ്റ്റനെ മത്സരാനന്തര ചടങ്ങിലേക്ക് അയച്ചില്ല.’- പാക് ടീം ​പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ വർഷം ആദ്യം കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളുടെയും ടീമുകൾ ഇതാദ്യമായാണ് കളിക്കളത്തിലിറങ്ങുന്നത്. പാക്ക് പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾക്ക് നേരെ ഇന്ത്യയുടെ സൈനിക നടപടി ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

‘പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് ഐകദാർട്യം പ്രഖ്യാപിക്കാൻ ഇത് ശരിയായ സമയമാണെന്ന് തോന്നുന്നു. ഞങ്ങൾ അവരോട് ഐക്യപ്പെടുന്നു. ധീരരായ സായുധ സേനക്ക് ഈ വിജയം സമർപ്പിക്കുന്നു. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ ഗ്രൗണ്ടിൽ ഞങ്ങളാൽ കഴിയുന്നത് ചെയ്യും’- മാച്ചിന് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യൻ കാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും യാദവിൻറെ നിലപാടിന് പിന്തുണയറിയിച്ചിരുന്നു. ഇന്ത്യൻ താരങ്ങളുടെ നടപടിക്കു മറുപടിയായാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റൻ സമ്മാനദാനം ബഹിഷ്കരിച്ചതെന്ന് പാക്ക് പരിശീലകൻ മൈക്ക് ഹെസ്സൻ മത്സരശേഷം വ്യക്തമാക്കി. തങ്ങൾ ഇന്ത്യയുമായി കൈകുലുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മൈക് ഹെസൻ പറഞ്ഞു. അതിനുള്ള അവസരം നിഷേധിക്കപ്പെട്ടതിൽ നിരാശയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇന്ത്യൻ ടീമിൻറെ നിലപാടിൽ പ്രതിഷേധിച്ച് പാക് കാപ്റ്റൻ സൽമാൻ അലി ആഗ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അറിയിക്കുകയായിരുന്നു.

ഇന്ത്യയുടെ നീക്കം കായിക താരങ്ങൾക്കു ചേർന്നതല്ലെന്നായിരുന്നു പാക്ക് ക്രിക്കറ്റ് ബോർഡിൻറെ പ്രതികരണം. ‘‘ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനത്തിനു നിൽക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാൻ ആഗയെ അറിയിച്ചിരുന്നു. അതു പ്രകാരമാണ് പാക്ക് ക്യാപ്റ്റൻ വിട്ടുനിന്നത്. ഇന്ത്യയുടെ നടപടി കായിക മേഖലയ്ക്കു ചേർന്നതല്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിഷേധം രേഖപ്പെടുത്തുകയാണ്.’’– പി.സി.ബി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team indiaCricket NewsIndia-Pakistan Cricket Match
News Summary - Pakistan lodge protest against Indian players for not shaking hands
Next Story