വൈഭവിനെ പാകിസ്താൻ താരത്തോട് താരതമ്യപ്പെടുത്തി മറ്റൊരു പാക് താരം; ഏറ്റവും വലിയ അപമാനമെന്ന് ആരാധകർ
text_fieldsമുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ഇതിഹാസ താരങ്ങളായ ഡോൻ ബ്രാഡ്മാനോടും സചിൻ തെണ്ടുൽക്കറോടുമാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ താരതമ്യപ്പെടുത്തുന്നത്.
ഐ.പി.എൽ സീസണിൽ മിന്നുംഫോമിലാണ് താരം. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 97 റൺസാണ് ഈ പതിനഞ്ചുകാരൻ അടിച്ചുകൂട്ടിയത്. ക്രിസ് ഗെയിലിന്‍റെ അതിവേഗ സെഞ്ച്വറി റെക്കോഡിനരികെയാണ് താരം വീണത്. ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന ഗെയ്‌ലിന്റെ റെക്കോഡ് നേരത്തെ തന്നെ മറികടന്നിരുന്നു. തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന വൈഭവിനെ അഭിനന്ദിച്ച് മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തുവന്നത്.
മുൻ പാകിസ്താൻ താരമായ മുഹമ്മദ് യൂസഫ് വൈഭവിനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുൻ പാക് താരമായ ഷാഹിദ് അഫ്രീദിയോടാണ് വൈഭവിനെ താരതമ്യപ്പെടുത്തിയത്. ‘‘പതിനഞ്ചുകാരനായ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശി എന്നെ ഷാഹിദ് അഫ്രീദിയെ ഓർമിപ്പിക്കുന്നു -ചെറുപ്പക്കാരനായ, നിർഭയനായ, സ്‌ഫോടനാത്മകമായ, ഊർജസ്വലനായ താരം. ഭാവി ഇതാ ഇവിടെയുണ്ട്!’’ -യൂസുഫ് എക്സിൽ കുറിച്ചു.
വൈഭവിനെ പോലെ കരിയറിന്‍റെ തുടക്കത്തിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു അഫ്രീദിയുടേതും. 1996ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്സിൽ തന്നെ അഫ്രീദി 37 പന്തിൽ സെഞ്ച്വറി നേടി ഏവരെയും ഞെട്ടിച്ചു. 18 വർഷത്തോളം ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇതായിരുന്നു. 2014ൽ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് (36 പന്തിൽ സെഞ്ച്വറി) ഈ റെക്കോഡ് തകർത്തത്. 2015ൽ 31 പന്തിൽ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി. ഡിവില്ലിയേഴ്സിന്റെ പേരിലാണ് നിലവിൽ വേഗമേറിയ ഏകദിന സെഞ്ച്വറി.
അതേസമയം, വൈഭവിനെ അഫ്രീദിയുമായി താരതമ്യപ്പെടുത്തിയത് ഒരു വിഭാഗം ആരാധകർക്ക് അത്ര ദഹിച്ചില്ല! വൈഭവിനെ അപമാനിക്കുകയാണെന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. ‘‘ഒരു ശരാശരി ബാറ്ററുമായി വൈഭവ് സൂര്യവംശിയെ താരതമ്യപ്പെടുത്തുന്നത് വലിയൊരു അപമാനമാണ്; അവന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷം. എന്നാൽ, ഇത് അവന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിനെ പെട്ടെന്ന് തന്നെ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇതിനുശേഷം നെഗറ്റീവായ ഒന്നും അവനെ ബാധിക്കില്ല’’ –ആരാധകൻ വിമർശിച്ചു.
പാക്കിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ) ടീമായ പെഷവാർ സൽമിയുടെ ഉടമയും പാക് വ്യവസായിയുമായ ജാവേദ് അഫ്രീദിയും വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തി. വൈഭവിന്‍റെ തകർപ്പൻ പ്രകടനത്തിൽ താൻ ശരിക്കും അദ്ഭുതപ്പെട്ടുപോയെന്നും ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെയുള്ള കഴിവ് വളരെ അപൂർവവും സവിശേഷവുമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

